t
സുധീഷ്

ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസുള്ള മകന്റെ മുന്നിൽ വച്ച് ദമ്പതികളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പല്ലാരിമംഗലം ദേവുഭവനത്തിൽ ബിജു (42), ഭാര്യ ശശികല (35) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി തിരുവമ്പാടി വീട്ടിൽ സുധീഷിനെയാണ് (39) ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എ.ബദറുദ്ദീൻ ശിക്ഷിച്ചത്. വധശിക്ഷയ്ക്ക് പുറമേ കൊലപാതക്കുറ്റത്തിന് 50,000 രൂപ പിഴയും പട്ടികജാതി, പട്ടികവർഗ പീഡന നിയമം അനുസരിച്ചുള്ള കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും കൂടി വിധിച്ചിട്ടുണ്ട്. പ്രതിയുടെ സ്വത്തുക്കളിൽ നിന്ന് പിഴ ഈടാക്കി ദമ്പതികളുടെ മക്കൾക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

2018 ഏപ്രിൽ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ശശികലയോട് സുധീഷ് പലതവണ അപമര്യാദയായി പെരുമാറിയിരുന്നു. ബിജു ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇളയമകൻ 6വയസുള്ള അപ്പു (ദേവൻ) സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിയ അപ്പുവാണ് ആക്രമണവിവരം പുറത്തറിയിച്ചത്. അയൽവാസികളും ബന്ധുക്കളും എത്തിയപ്പോൾ അടിയേറ്റ ദമ്പതികൾ അവശനിലയിലായിരുന്നു. ശശികല സംഭവ സ്ഥലത്തും ബിജു കായംകുളം ഗവ. ആശുപത്രിയിലും മരണമടഞ്ഞു. സുധീഷാണ് തങ്ങളെ അടിച്ച് വീഴ്ത്തിയതെന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സഹോദരനോട് ബിജു പറഞ്ഞിരുന്നു.

അപ്പുവിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. മാവേലിക്കര സി.ഐ ശ്രീകുമാർ ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെട്ട കേസ് ആയതിനാൽ പിന്നീട് അന്വേഷിച്ചത് ചെങ്ങന്നൂർ ഡിവൈ.എസ്.പി ആയിരുന്ന ബിനുവും .

പ്രോസിക്യൂഷന് വേണ്ടി 33 സാക്ഷികളെ മുൻ പബ്‌ളിക് പ്രോസിക്യൂട്ടർ സി.വി.ലുമുംബ വിസ്തരിച്ചു. തുടർ വിസ്താരത്തിൽ, അച്ഛനും അമ്മയും ഇല്ലാതെ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥ കോടതിയെ ബോദ്ധ്യപ്പെടുത്തിയത് ഇപ്പോഴത്തെ പബ്ളിക് പ്രോസിക്യൂട്ടർ സി.വിധുവാണ്. അഡ്വ. മനു ഹർഷകുമാറും കോടതിയിൽ ഹാജരായി. വിധി കേൾക്കാൻ ശശികലയുടെ അമ്മ പഞ്ചമി, ബിജുവിന്റെ സഹോദരി രാധ, സഹോദരന്മാരായ രാജൻ, പുരുഷോത്തമൻ എന്നിവരും എത്തിയിരുന്നു. മക്കളായ ദേവനെയും ദേവികയെയും കൊണ്ടുവന്നില്ല.

 അപൂർവങ്ങളിൽ അത്യപൂർവം

അച്ഛനമ്മമാരുടെ മരണം മൂലം രണ്ടു കുട്ടികൾ അനാഥരായതും ആറുവയസുകാരന്റെ മുന്നിൽ ക്രൂരത കാട്ടിയതും അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ സംരക്ഷണം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കോടതി കൈമാറി. ആഹാരം, വസ്ത്രം, താമസം, വിദ്യാഭ്യാസം എന്നിവയാണ് ലഭ്യമാക്കേണ്ടത്. ഇത് എങ്ങനെ നടപ്പാക്കണമെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷയായ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് 30 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.