rape

ന്യൂഡൽഹി: അടുത്തിടെയാണ് ഹൈദരാബാദിൽ ലേഡി വെറ്റിനറി ഡോക്ടറെ നാൽവർ സംഘം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അവരെ തീവച്ചത്. ഡോക്ടറുടെ നീതിക്കായും, നാൽവർ സംഘത്തെ ശിക്ഷിക്കുന്നതിനായും രാജ്യം മുഴുവൻ പ്രതിഷേധം ഇരമ്പുമ്പോൾ അങ്ങേയറ്റം നിന്ദ്യവും അറപ്പുളവാകുന്നതുമായ പരാമർശവുമായി സ്വയം സിനിമാ സംവിധായകൻ(തെലുങ്കിലെ) എന്ന് വിളിക്കുന്ന ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്. ലൈംഗിക പീഡകരുമായി സ്ത്രീകൾ സഹകരിക്കണമെന്നും, സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാൻ വരുന്ന പുരുഷന്മാരെ അവർ തടയരുതെന്നും, അതിനായി ഗർഭനിരോധന ഉറകൾ സ്ത്രീകൾ കൊണ്ടുനടക്കേണ്ടതാണെന്നുമാണ് ഡാനിയൽ ശ്രാവൺ എന്നു പേരുള്ള ഇയാൾ പറയുന്നത്.

അക്രമം 'ഒഴിവാക്കിയുള്ള' ലൈംഗിക പീഡനം സർക്കാർ നിയമവിധേയമാക്കണമെന്ന് പോലും ഇയാൾ സോഷ്യൽ മീഡിയയിലൂടെ പറയുന്നുണ്ട്. ഇയാളുടെ ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്. പീഡകരെ മാത്രമല്ല, ഇത്തരം പ്രസ്താവനകൾ നടത്തുന്നവർക്കും പീഡകർക്ക് നൽകുന്ന അതേ ശിക്ഷ തന്നെ നൽകണമെന്നും മൃഗതുല്യമായ ചിന്തകളാണ് ഇതെന്നുമാണ് ഇയാളുടെ ഈ വാക്കുകളോട് സോഷ്യൽ മീഡിയ പ്രതികരിച്ചിരിക്കുന്നത്.

ലൈംഗിക പീഡനത്തെ കുറിച്ച് പെൺകുട്ടികളെ സർക്കാർ 'ബോധവത്കരിക്കണ'മെന്നും പെൺകുട്ടികൾ ഒരിക്കലും പുരുഷന്മാരുടെ ലൈംഗിക തൃഷ്ണകളെ നിഷേധിക്കാൻ പാടില്ലെന്നും ഇയാൾ പറയുന്നു. 18 വയസ് വയസായ പെൺകുട്ടികൾ ഇതിനായി എപ്പോഴും ഗർഭനിരോധന ഉറകൾ കൈയിൽ കരുതണമെന്നും അവർ 'ഡെന്റൽ ഡാമു'കൾ ഉപയോഗിക്കണമെന്നും ഇയാൾ പറയുന്നുണ്ട്.

ഇത് സാമാന്യ യുക്തിയാണ്. ലൈംഗികമായ അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകഴിഞ്ഞാൽ പുരുഷന്മാർ സ്ത്രീകളെ കൊല്ലില്ല. സ്ത്രീ പീഡകരെ സർക്കാരും സമൂഹവും അനാവശ്യമായി ഭയപ്പെടുത്തുകയാണ്. പീഡകർക്ക് അവരുടെ ലൈംഗിക ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ അവസരമില്ല. അതുകൊണ്ടാണ് അവർ സ്ത്രീകളെ കൊല്ലുന്നത്. അവരുടെ ഉള്ളിലെ തിന്മ ഇല്ലാതാകുന്നതിനായി സ്ത്രീകൾ അവരുമായി സഹകരിക്കണം. ഇങ്ങനെ പോകുന്നു ഈ മനുഷ്യന്റെ വാക്കുകൾ. പോസ്റ്റ് വിവാദമായതിനെ തുടർന്ന് ഡാനിയൽ ശ്രാവൺ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.