ലാഹോർ : പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് അനധികൃതമായി നടന്ന മനുഷ്യക്കടത്തിന്റെ റിപ്പോർട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാൻ 629 പെൺകുട്ടികളെ പാകിസ്ഥാനിൽ നിന്ന് വിറ്റതായി റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാനിലെ മാദ്ധ്യമപ്രവർത്തകരുടെ സഹായത്തോടെ അസോസിയേറ്റ് പ്രസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2018 മുതൽ ചൈനയിലേക്ക് അനധികൃതമായി കടത്തപ്പെട്ട പെൺകുട്ടികളുടെയും യുവതികളുടെയും വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് അസോസിയേറ്റ് പ്രസ് പുറത്തുവിട്ടത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
ചൈനയുമായുള്ള ബന്ധം മോശമാകുമെന്ന് കണ്ട് പാക് അധികൃതർ മനുഷ്യക്കടത്ത് സംബന്ധിച്ച അന്വേഷണം തടഞ്ഞിരുന്നു. വിഷയം അന്വേഷിക്കുന്ന പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതായും ആരോപണമുണ്ട്. ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പാക് മാദ്ധ്യമങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. ഇരുരാജ്യങ്ങളിലെയും ആളുകൾ കുടുംബ ബന്ധങ്ങൾ ഉണ്ടാക്കുന്നതിനെ ചൈനയും പാകിസ്ഥാനും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ അനധികൃതമായി നടക്കുന്ന മനുഷ്യക്കടത്ത് അംഗീകരിക്കില്ലെന്നാണ് ഇരുരാജ്യത്തിന്റെയും ഔദ്യോഗിക നിലപാട്.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെയാണ് വിവാഹ മാഫിയ ലക്ഷ്യമിടുന്നത്. ക്രിസ്ത്യൻ വിഭാഗത്തില്‍ ഉള്ള പെൺകുട്ടികളാണ് വിവാഹ മാഫിയകളുടെ ലക്ഷ്യമെന്നാണ് ഏറ്റവും പുതിയ വിവരം. ഇത്തരത്തിൽ ചൈനയിലേക്ക് വിവാഹത്തിലൂടെ കടത്തുന്ന പെൺകുട്ടികൾ പിന്നീട് തടവറകളിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടുകയോ ചെയ്യപ്പെടുന്നു. മറ്റുചിലർ ക്രൂരപീഡനത്തിന് വിധേയരായി വീടുകളിൽ കഴിയുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട് വരുന്നവരിൽ നിന്നാണ് മനുഷ്യക്കടത്തിനെക്കുറിച്ചിുള്ള വിവരങ്ങൾ പുറംലോകമറിയുന്നത്.
ഇങ്ങനെ ലഭിച്ച വിവരങ്ങളിൽനിന്നാണ് 629 പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 40 ലക്ഷം മുതൽ ഒരുകോടി രൂപവരെയാണ് വിവാഹം നടത്തുന്നതിന് ഇടനിലക്കാർക്ക് ചൈനീസ് വരന്റെ പക്കൽ നിന്ന് ലഭിക്കുന്നത്. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന് വെറും രണ്ടുലക്ഷം രൂപയോളം മാത്രമേ നൽകുകയുമുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു.