strike

മലപ്പുറം: അനീതികൾക്കെതിരെ സംഘടിക്കാനും പ്രതിഷേധിക്കാനും എല്ലാത്തരം തൊഴിലാളികൾക്കും അവകാശമുണ്ടാകണം എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഈ ആശയം ഉൾക്കൊണ്ടുകൊണ്ട് തങ്ങൾക്ക് ജോലി ലഭിക്കുന്നതിനായി സമരം ചെയ്യാനിറങ്ങിയിരിക്കുകയാണ് മലപ്പുറത്തെ ഏതാനും ഇതര സംസ്ഥാന തൊഴിലാളികൾ. തൊഴിൽ ചെങ്കൽ ഉത്പ്പാദക ഉടമസ്ഥക്ഷേമ സംഘം നടത്തിയ മാർച്ചിലാണ് ജോലി വേണമെന്ന മുദ്രാവാക്യവുമായി ഇതര സംസ്ഥാന തൊഴിലാളികൾ രംഗത്തിറങ്ങിയത്. മലപ്പുറത്ത് നടത്തിയ പ്രതിഷേധ മാർച്ചിൽ നിർമ്മാണ മേഖലയിൽ നിന്നുള്ള നൂറുകണക്കിന് തൊളിലാളികളാണ് പങ്കെടുത്തത്. ടിപ്പർ ലോറികളിൽ സംഘം ചേർന്നെത്തിയ ഇവർ മലയാളത്തിൽ 'പാണി വേണം, പാണി വേണം' എന്ന മുദ്രാവാക്യവുമായി സമരത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അതേസമയം ഹിന്ദി, ബംഗാളി, അസമീസ്, ഒഡീഷയും അടക്കമുള്ള ഭാഷകളിലും ഇവർ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ വൈറലായിട്ടുണ്ട്. മുദ്രവാക്യം വിളിക്കുന്നതിനിടെ ചിലർ ചിരിയടക്കുന്നതും വീഡിയോയിൽ കാണാം.