sandra-babu
sandra babu

കാഠ്‌മണ്ഡു : നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലെ അത്‌ലറ്റിക്സിൽ ഇന്നലെയും മലയാളത്തിന് മെഡൽത്തിളക്കം. വനിതകളുടെ ലോംഗ് ജമ്പിൽ മലയാളിതാരം സാന്ദ്രാബാബുവാണ് വെങ്കലം നേടി രാജ്യത്തിന് അഭിമാനമായത്. പ്രശസ്ത പരിശീലകൻ ടി.പി. ഒൗസേപ്പിന്റെ ശിഷ്യയാണ് സാന്ദ്ര.

6.02 മീറ്റർ ചാടിയാണ് സാന്ദ്ര മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. തന്റെ നാലാമത്തെ ചാട്ടത്തിലാണ് സാന്ദ്ര ഇൗ ദൂരം കണ്ടെത്തിയത്. 6.38 മീറ്റർ ചാടിയ ശ്രീലങ്കയുടെ ലക്ഷിണി സാരംഗിനാണ് സ്വർണം. ശ്രീലങ്കയുടെ തന്നെ അഞ്ജാനി ഉത്‌പലയ്ക്കാണ് വെള്ളി. 6.11 മീറ്റർ ആണ് അഞ്ജാനി ചാടിയത്.

വനിതകളുടെ 200 മീറ്ററിലും സ്വർണം നേടി ഇന്ത്യയുടെ അർച്ചന സുശീന്ദ്രൻ സ്‌പ്രിന്റ് ഡബിൾ തികച്ചു. കഴിഞ്ഞദിവസം 100 മീറ്ററിൽ സ്വർണം നേടിയിരുന്ന തമിഴ്നാട്ടുകാരിയായ അർച്ചന ഇന്നലെ 200 മീറ്ററിൽ 23.66 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. പാകിസ്ഥാന്റെ നജ്മ പർവീൺ വെള്ളി നേടിയപ്പോൾ ഇന്ത്യയുടെ എ.എൻ. ചന്ദ്രലേഖയ്ക്ക് വെങ്കലം ലഭിച്ചു. 24.27 സെക്കൻഡിലാണ് ചന്ദ്രലേഖ ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ 10000 മീറ്ററിൽ ഇന്ത്യയുടെ സുരേഷ് കുമാറിനാണ് സ്വർണം.

29 മിനിട്ട്

33.61 സെക്കൻഡിലാണ് സുരേഷ് ഒാടിയെത്തിയത്.

എട്ടുറപ്പിച്ച്

ബാഡ്മിന്റൺ

പൊഖാറ : സൗത്ത് ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾ എട്ട് മെഡലുകൾ ഉറപ്പാക്കി. നാല് വ്യക്തിഗത ഇനങ്ങളിലും നാല് ഡബിൾസ് മത്സരങ്ങളിലും സെമിയിലെത്തിയാണ് മെഡൽ ഉറപ്പാക്കിയത്. സിരിൽ വെർമ്മ, ഗായത്രി ഗോപിചന്ദ്, അഷ്‌മിത ചാലിവി, ആര്യമാൻ ടാൺഡൺ എന്നിവരാണ് വ്യക്തിഗത സിംഗിൾസുകളിൽ സെമിയിലെത്തിയത്.

ഒന്നാമതേക്കുയർന്ന് ഇന്ത്യ

സൗത്ത് ഏഷ്യൻ ഗെയിംസിൽ ആദ്യദിനങ്ങളിൽ മെഡൽപ്പട്ടികയിൽ മുന്നിൽനിന്ന നേപ്പാളിനെ മറികടന്ന ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

32 സ്വർണവും 23 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 68 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്.

29 സ്വർണവും 15 വെള്ളിയും 25 വെങ്കലങ്ങളുമുൾപ്പെടെ 69 മെഡലുകൾ നേപ്പാളിനുണ്ട്.