തിരുവനന്തപുരം: കാര്യവട്ടത്തെ ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി-20 മത്സരത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനി മൂന്നു ദിവസം കൂടി. ഓൺലൈനായി ടിക്കറ്റുകള്‍ ശനിയാഴ്ചവരെ ബുക്ക് ചെയ്യാം.ആകെയുള്ള 32000 ടിക്കറ്റുകളിൽ 85 ശതമാനവും വിറ്റുതീർന്നു.ആയിരം രൂപയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. സെക്ടർ എയിലെയും ബിയിലെയും ടിക്കറ്റുകളും അതിവേഗം വിറ്റഴിയുന്നുണ്ട്. കളിക്കാരുടെ ഡഗ് ഔട്ടിനോട് ചേര്‍ന്നുള്ള സെക്ടർ ജെയിലെ എക്സിക്യൂട്ടീവ് പവിലിയനിലാണ് ഇനി ടിക്കറ്റുകളുള്ളത്. കളിക്കാരെ വളരെ അടുത്തുകാണാനും അവരുടെ ഗ്രൗണ്ടിലേക്കുള്ള വരവും പോക്കും കാണാനും സെക്ടർ ജെയിലെ എക്സിക്യൂട്ടീവ് പവിലിയനിലുള്ളവർക്ക് സാധിക്കും. വരും ദിവസങ്ങളിൽ ടിക്കറ്റ് വില്‍പ്പന പൂർണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ.സി.എ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇൻസൈഡര്‍, പേടിഎം വെബ്‌സൈറ്റ് (www.insider.in, paytm.com, keralacricketassociation.com) എന്നിവ വഴിയും ടിക്കറ്റുകള്‍ ഓൺലൈനായി ബുക്ക് ചെയ്യാം. 1000,2000,3000,5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ ജി.എസ്.ടിയും കേരള പ്രളയ സെസും ഉൾപ്പടെയാണ് ഈ തുക. ഒരാൾക്ക് ഒരു ഇമെയിൽ ഐഡിയിൽ നിന്നും ഒരു മൊബൈൽ നമ്പറിൽ നിന്നും ആറ് ടിക്കറ്റുകൾവരെ ബുക്ക് ചെയ്യാം. വിദ്യാർഥികൾക്കായി 1000 രൂപയുടെ ടിക്കറ്റുകൾ 500 രൂപ നിരക്കിൽ ലഭ്യമാകും