കൊച്ചി: തന്റെ കൂട്ടുകാരന്റെ വാക്ക് വിശ്വസിച്ചുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിവന്ന പെൺകുട്ടി എത്തിയത് പെരുവഴിയിൽ. തന്റെ കാമുകനെയും നോക്കി മണിക്കൂറുകൾ നടുറോഡിൽ ചിലവഴിച്ച പെൺകുട്ടിയെ ഒടുവിൽ പിങ്ക് പൊലീസ് വന്നാണ് കൂട്ടിക്കൊണ്ടുപോയത്. ശേഷം പെൺകുട്ടിയെ ഇവർ ചിങ്ങവനം പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാവിലെ മണിപ്പുഴ ജംഗ്ഷനിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം തന്റെ വീടുപേക്ഷിച്ച് ഇറങ്ങിയ പെൺകുട്ടി ഇടപ്പള്ളി സ്വദേശിയായ സുഹൃത്തിനെ തേടിയാണ് എത്തിയത്. ഇരുവരും സംസാരിച്ചെങ്കിലും പെൺകുട്ടിയെ സ്വീകരിക്കാൻ കാമുകൻ തയാറായില്ല.
ഒടുവിൽ മുൻപിൽ മറ്റുവഴികൾ കാണാതെ കെ.എസ്.ആർ.ടി.സി ബസിലാണ് പെൺകുട്ടി മണിപ്പുഴയിൽ എത്തിയത്. മണിക്കൂറുകളോളം ജംഗ്ഷനിൽ കാണപ്പെട്ട പെൺകുട്ടിയെ കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവർമാർ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് ഇവിടേക്കെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയത് ഉൾപ്പെടെയുള്ള വിവരങ്ങൾ മനസിലാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പൊലീസിന് ലഭിച്ചതായി വിവരം കിട്ടി. ഇതോടെ കുട്ടിയെ ചിങ്ങവനം പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. തൃക്കാക്കര പൊലീസ് രാത്രിയോടെ എത്തി പെൺകുട്ടിയുമായി മടങ്ങിയെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു.