തിരുവനന്തപുരം: സിനിമയെന്ന ഒറ്റവികാരത്തിനു മുന്നിൽ ഒത്തുചേരാൻ ചലച്ചിത്ര പ്രേമികൾ തലസ്ഥാന നഗരത്തിലേക്ക് എത്തിത്തുടങ്ങി. ഇനി ഒരാഴ്ചക്കാലം നഗരത്തിന് സിനിമാക്കാലം. ലോകസിനിമയിലെ പുതിയ മാറ്റങ്ങളും പ്രവണതകളും തിരിച്ചറിയാനും സിനിമകൾ ചർച്ചചെയ്യാനും ചലച്ചിത്ര മേളകളിൽനിന്ന് കിട്ടിയ സൗഹൃദങ്ങൾ പുതുക്കാനുമുള്ള ദിവസങ്ങളാണിനി. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. മേളയ്ക്കെത്തുന്ന പ്രതിനിധികളെയും ചലച്ചിത്രപ്രവർത്തകരെയും സ്വീകരിക്കാനുള്ള തിരക്കിലാണ് നഗരം.
ഇന്നലെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചതോടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ പരിസരം ചലച്ചിത്രമേളയുടെ ഓളത്തിലായിക്കഴിഞ്ഞു. നിരവധി ഡെലിഗേറ്റുകളാണ് ആദ്യദിവസം തന്നെ പാസ് സ്വന്തമാക്കാനും സൗഹൃദം പുതുക്കാനും മേളപ്പറമ്പിലെത്തിയത്. വിദേശ ഡെലിഗേറ്റുകളടക്കം ഇന്നലെ ടാഗോറിൽ എത്തിയിരുന്നു.10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രേക്ഷക പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ മേളയാണ് ഐ.എഫ്.എഫ്.കെ. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
14 തിയേറ്റർ, 8998 സീറ്റുകൾ
14 തിയേറ്ററുകളിലായി 8998 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. 3500 സീറ്റുകൾ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മുഖ്യവേദിയായ ടാഗോറിൽ 900 സീറ്റുകളാണ് ഉള്ളത്. സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷനും ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ പ്രദർശന ദിവസത്തിന്റെ തലേദിവസം മുതൽ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും. ക്യൂ നിൽക്കാതെ തന്നെ ഭിന്നശേഷിക്കാർക്കും എഴുപതു കഴിഞ്ഞവർക്കും തിയേറ്ററുകളിൽ പ്രവേശിക്കാം. ഭിന്നശേഷിക്കാർക്കായി തിയേറ്ററുകളിൽ റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആദ്യദിവസമായ നാളെ സർക്കാർ തിയേറ്ററുകളായ കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ എന്നിവിടങ്ങളിൽ മാത്രമാണ് പ്രദർശനം.
മേളയുടെ ചരിത്രം
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ 1994 ഡിസംബർ 17 മുതൽ 23 വരെ കോഴിക്കോട് വച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും മേളകൾ തിരുവനന്തപുരത്ത് നടന്നു. നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രിൽ മൂന്നു മുതൽ 10 വരെ കൊച്ചിയിൽ നടന്നു. നാലാംമേളയിൽ എത്തുമ്പോഴേക്കും ചലച്ചിത്ര നിർമ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ലഭിച്ചിരുന്നു. മത്സരവിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാർച്ച് 31 മുതൽ ഏപ്രിൽ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കുശേഷം തിരുവനന്തപുരം സ്ഥിരംവേദിയായി നിശ്ചയിക്കുകയായിരുന്നു.
അൽമോദോവറും മക്മൽബഫുമെല്ലാമുണ്ട്
ചില ചലച്ചിത്രകാരന്മാരെ നെഞ്ചോടു ചേർത്തുവച്ചിട്ടുണ്ട് ഐ.എഫ്.എഫ്.കെയിലെ സ്ഥിരം കാണികൾ. ഫെസ്റ്റിവെൽബുക്കും ഷെഡ്യൂളും കിട്ടിയാൽ മുൻമേളകളിൽ തങ്ങൾക്ക് വിസ്മയങ്ങൾ സമ്മാനിച്ച വിഖ്യാത സംവിധായകരുടെ സിനിമകളുണ്ടോയെന്നാണ് അവർ ആദ്യം പരിശോധിക്കുക. ഈ കാണികളെ ആഹ്ലാദത്തിലാക്കാൻ സമകാലിക ലോകസിനിമയിലെ മഹാരഥന്മാരായ പെദ്രോ അൽമോദോവർ, മുഹ്സിൻ മക്മൽബഫ്, മൈക്കേൽ ഹനേക, കെൻ ലോച്ച്, ഫത്തിഹ് അകിൻ, കോസ്റ്റ ഗാവ്രാസ്, ഏലിയ സുലൈമാൻ തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ലോകസിനിമ, കൺട്രി ഫോക്കസ് തുടങ്ങി 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 7 സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ലോകത്തെ മുൻനിര ചലച്ചിത്രമേളകളായ കാൻ, വെനീസ്, ടൊറന്റോ, ബെർലിൻ, ബുസാൻ, റോട്ടർഡാം, സാൻ സെബാസ്റ്റ്യൻ ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ സമകാലിക ചൈനീസ് ജീവിതത്തിന്റെ നേർക്കാഴ്ചയുമായി നാല് ചൈനീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. 'കാലിഡോസ്കോപ്പ്' വിഭാഗത്തിൽ അഞ്ചു സിനിമകളും എക്സ്പിരിമെന്റാ ഇന്ത്യ വിഭാഗത്തിൽ 10 പരീക്ഷണ ചിത്രങ്ങളും പ്രദർശിപ്പിക്കും. വിഭജനാനന്തര യുഗോസ്ളാവിയൻ ചിത്രങ്ങളുടെ പാക്കേജാണ് മേളയുടെ മറ്റൊരു ആകർഷണം. യുഗോസ്ളാവിയ, സെർബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളായി വിഭജിച്ച ശേഷം നിർമ്മിക്കപ്പെട്ട ഏഴു സിനിമകൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 'കണ്ടമ്പററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ്' എന്ന വിഭാഗത്തിൽ ടോണി ഗാറ്റ്ലിഫിന്റെയും റോയ് ആൻഡേഴ്സന്റെയും സിനിമകൾ പ്രദർശിപ്പിക്കും. മലയാളം റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ശാരദയുടെ 7 സിനിമകൾ പ്രദർശിപ്പിക്കും.
ഹോമേജിൽ ലെനിൻ രാജേന്ദ്രൻ, എം.ജെ. രാധാകൃഷ്ണൻ, മൃണാൾസെൻ, ഗിരീഷ് കർണാട് എന്നിവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും. മിസ് കുമാരിയുടെയും ടി.കെ. പരീക്കുട്ടിയുടെയും അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് 'നീലക്കുയിൽ' ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
'പാസ്ഡ് ബൈ സെൻസർ" ഉദ്ഘാടന ചിത്രം
സെർഹത്ത് കരാസ്ളാൻ സംവിധാനംചെയ്ത ടർക്കിഷ് ചിത്രം 'പാസ്ഡ് ബൈ സെൻസർ" ഉദ്ഘാടന ചിത്രമായി നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയാണിത്. ജയിൽപ്പുള്ളികളുടെ കത്തുകൾ സെൻസർ ചെയ്യുന്ന ജയിൽ ജീവനക്കാരന്റെ ആത്മസംഘർഷങ്ങളാണ് പ്രമേയം. ഗോൾഡൻ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രം യൂറോപ്യൻ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.