തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്ര മൈതാനിയിൽ വ്യവസായ വിപണനമേള ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് മന്ത്രി കടകംപള്ളി സരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലോർ ബീന ആർ.സി അദ്ധ്യക്ഷയായി. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ വി. ചന്ദ്രശേഖരപിള്ള, ശിശുപാലൻ നായർ എന്നിവർ സംസാരിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സിമി സി.എസ്. സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനം തുടങ്ങിയത്. മേള ജനുവരി 15വരെ തുടരും. കോമ്പൗണ്ടിനകത്ത് മൊത്തം 17സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്.
തടിയിൽ തീർത്ത ശില്പങ്ങൾ, ബാഗുകൾ, കരകൗശല വസ്തുക്കൾ, ചെറുകിട സ്ഥാപനങ്ങൾ ഉല്പാദിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ, നാടൻ ഭക്ഷ്യ വിഭവങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, പാരമ്പര്യ ആയുർവേദ ഔഷധങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് വില്പനക്കായുള്ളത്. സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ട്, കരകൗശല അപക്സ് സൊസൈറ്റിയായ സുരഭി എന്നിവർ ഒരുക്കിയ സ്റ്റാളുകളിൽ ഈട്ടിത്തടിയിലെ ആനകൾ, ഈട്ടിയിലും കുമ്പിൾത്തടിയിലും തീർത്ത വിവിധതരം ശില്പങ്ങൾ, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കൾ, മൺപാത്ര ഉത്പന്നങ്ങൾ, ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ആറന്മുള കണ്ണാടി തുടങ്ങി തനതായ കേരളീയ ഉത്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരള ദിനേശ് പ്രൊഡക്ട്സിന്റെ സ്റ്റാളിൽ അച്ചാറുകൾ, കറിപ്പൗഡറുകൾ, തേങ്ങാപാൽ, തേയില എന്നിവ ലഭ്യമാണ്.
കൈത്തറി വസ്ത്രങ്ങളുടെ കമനീയ ശേഖരവുമായി ഹാൻടെക്സ് വിപുലമായ സ്റ്റാളാണ് ഒരുക്കിയത്. വൈവിദ്ധ്യമാർന്ന എക്സ്പോർട് ക്വാളിറ്റി സോപ്പുകളുടെ ശേഖരമാണ് കേരള സാന്റൽ സോപ്സ് സ്റ്റാളിലുള്ളത്. ഇവയെക്കൂടാതെ കുടുംബശ്രീയുടെയും മറ്റു ചെറുകിട വ്യവസായ യൂണിറ്റുകളുടെയും സ്റ്റാളുകളിലായി സുഗന്ധദ്രവ്യങ്ങൾ, വെളിച്ചെണ്ണ, ജാമുകൾ, സ്ക്വാഷുകൾ, സംസ്ക്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങളുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും പരമ്പരാഗത മേഖലയിലെ ഉത്പന്നങ്ങളുമാണ് മേളയിൽ വില്പനയ്ക്കുള്ളത്. കേരളത്തനിമയുള്ള ഉത്പന്നങ്ങൾ യാഥാർത്ഥ മൂല്യത്തോടെയും നിലവാരത്തോടെയും മേളയിലുണ്ട്. സംസ്ഥാനത്തെ എം.എസ്.എം.ഇ സംരംഭങ്ങളിൽ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങൾ, ഡിസൈൻ ഉത്പന്നങ്ങൾ, സുവനീർ ഉത്പന്നങ്ങൾ, പരമ്പരാഗത ഖാദികൈത്തറി ഉത്പന്നങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളകളിൽ ഉള്ളത്. നിക്ഷേപക സൗഹൃദമാകുന്നതിനൊപ്പം സംരംഭകർക്ക് വിപണി കണ്ടെത്താനും സഹായിക്കുകയെന്ന വ്യവസായ വകുപ്പിന്റെ നിലപാടിന്റെ ഭാഗമാണ് പുതിയ പദ്ധതി. മിതമായ നിരക്കിൽ ശുദ്ധവും കലർപ്പില്ലാത്തതുമായ സാധനങ്ങൾ വിറ്റഴിക്കുകയെന്നതാണ് മേളയുടെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തർക്ക് കേരളത്തിന്റെ തനത് ഉത്പന്നങ്ങൾ പരിചയപ്പെടാനും അനുഭവവേദ്യമാക്കാനും മേള ഉപകരിക്കുമെന്ന് സംഘാടകർ പറഞ്ഞു.