ഹൃദ്റോഗം, പ്രമേഹം, ഹൈപ്പർ ടെൻഷൻ എന്നിവയുള്ളവർ മലകയറുംമുമ്പ് ഡോക്ടറെ കണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തണം. പുകവലി, മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കുക. ആവശ്യത്തിന് വിശ്രമിച്ച ശേഷം യാത്ര തുടരുക. നെഞ്ചുവേദന, ശ്വാസം മുട്ടൽ എന്നിവയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. മല കയറുന്നതിന് മുൻപ് ലഘുഭക്ഷണം മാത്രം കഴിക്കുക.
പ്രമേഹമുള്ളവർക്ക് മലകയറ്റത്തിനിടയിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴാനിടയുണ്ട്. അമിതക്ഷീണം, വിയർപ്പ്, തലകറക്കം എന്നിവയാണ് ലക്ഷണങ്ങൾ. ഉടൻ മതിയായ വിശ്രമം നൽകി ഗ്ലൂക്കോസോ പഞ്ചസാര കലക്കിയ വെള്ളമോ കൊടുക്കുക. ക്ഷീണം മാറിയശേഷം യാത്ര തുടരുക. ആസ്ത്മയുള്ളവർ ശ്വാസം മുട്ടലുണ്ടായാൽ ഇൻഹേലർ ഉപയോഗിക്കുക. ശരണപാതയ്ക്കിരുവശവും ക്രമീകരിച്ചിട്ടുള്ള ഓക്സിജൻ പാർലറുകളിൽ നിന്ന് ഓക്സിജൻ സ്വീകരിച്ച ശേഷം യാത്ര തുടരുക. ബോധക്ഷയമുണ്ടായാൽ നിരപ്പായ പ്രതലത്തിൽ കിടത്തി വസ്ത്രം അയച്ചിടുക. ഛർദ്ദിച്ചാൽ തല ഒരു വശത്തേക്ക് ചരിച്ചു കിടത്തണം. പൂർണബോധം വരാതെ കുടിക്കാനോ കഴിക്കാനോ നൽകരുത്.