തിരുവനന്തപുരം: എം.ജി സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടുവെന്നതിന് കൂടുതല്‍ തെളിവുകൾ പുറത്ത്. സര്‍വകലാശാല അദാലത്തുകളില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്നതിനാണ് തെളിവുകള്‍ ലഭിച്ചത്. തീര്‍പ്പാക്കാത്ത ഫയലുകള്‍ മന്ത്രിക്ക് കൈമാറണമെന്ന് ഉത്തരവിറക്കുകയും അദാലത്തിലെ തീരുമാനങ്ങളുടെ വിശദാംശങ്ങളും അന്നേദിവസം അറിയിക്കണമെന്നും നിര്‍ദേശിച്ചു. സര്‍വകലാശാലകളുടെ സ്വയംഭരണത്തെ അട്ടിമറിക്കുന്നതാണ് നിര്‍ദേശം.
വിവിധ സര്‍വകലാശാലകള്‍ അദാലത്ത് നടത്തുന്നത് സംബന്ധിച്ച് ഫെബ്രുവരി നാലിന് ഇറങ്ങിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ ആറ് സര്‍വകലാശാലകളില്‍ ഫയല്‍ അദാലത്ത് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന ഉത്തരവാണ് ഇത്. ഇതിലാണ് മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയുള്ളത്.
സര്‍വകലാശാലചട്ടം ലംഘിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി. ഉത്തരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈസ് ചാന്‍സലര്‍മാരും മറച്ചുവച്ചു. സാങ്കേതിക സർവകലാശാല മാർക്ക്ദാന വിവാദത്തിൽ വി.സി അടക്കമുള്ളവരെ വിളിച്ചുവരുത്തി തെളിവെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർവകലാശാല വി.സിയെയും പരാതിക്കാരെയും വിദ്യാർത്ഥിയെയും വിളിച്ചുവരുത്തി തെളിവെടുക്കാനാണ് ഗവർണറുടെ തീരുമാനം.
അതേസമയം, പുനർമൂല്യ നിർണയത്തിനായി നിർദ്ദേശിച്ച മന്ത്രിയെ വിളിച്ചുവരുത്തുന്നതിൽ അന്തിമതീരുമാനമായില്ല. എന്നാൽ, മന്ത്രിയുടെ ഇടപെടൽ ചട്ടലംഘനമാണെന്ന് എഴുതിയ ഗവർണറുടെ സെക്രട്ടറിയുടെ കുറിപ്പ് പുറത്തുവന്നു. ബി- ടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാൻ നടത്തിയ നടപടികളെല്ലാം ചട്ട വിരുദ്ധമാണെന്നാണ് കുറിപ്പിൽ പറയുന്നത്.