
ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില വർദ്ധിക്കുന്നതിൽ മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. താൻ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടു വില വർദ്ധിക്കുന്നതിൽ പ്രശ്നമില്ലെന്നുമായിരുന്നു ഉള്ളിവില വർദ്ധിക്കുന്നതു സംബന്ധിച്ച് ചോദ്യത്തിനു ബുധനാഴ്ച പാർലമെന്റിൽ നിർമല സീതാരാമൻ നൽകിയ വിശദീകരണം.
"ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ടു പ്രശ്നമില്ല. ഉള്ളിക്ക് അധികം പ്രധാന്യം കൊടുക്കാത്ത കുടുംബത്തിൽനിന്നാണ് എന്റെ വരവ്"- പാർലമെന്റിൽ മറുപടി നൽകുന്നതിനിടെ നിർമല പറഞ്ഞു. മന്ത്രിയുടെ പരാമർശത്തെ ചിരിയോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. ഉള്ളി അധികം കഴിക്കുന്നത് നല്ലതല്ലെന്നു പറഞ്ഞ് ഒരു അംഗം മന്ത്രിയെ പ്രോത്സാഹിപ്പിക്കുയും ചെയ്തു. രാജ്യത്ത് ഉള്ളി വില വര്‍ദ്ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ധനമന്ത്രി വിശദീകരിക്കവേയാണ് ഈ പരാമര്‍ശമുണ്ടായത്.
കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി കൂടുതൽ ഉള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവ് ഉള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു- തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത്ക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു.
രാജ്യത്ത് ഉള്ളിവില ഉയരുകയാണ്. കിലോയ്ക്ക് 140 രൂപ എന്ന നിരക്കിലാണ് ഉള്ളിയുടെ ചില്ലറ വിൽപ്പന. ഒറ്റ ആഴ്ച കൊണ്ട് 40 രൂപയുടെ വർദ്ധനയാണ് ഉള്ളിവിലയിൽ ഉണ്ടായിട്ടുള്ളത്.