pinarayi-vijayan-

തിരുവനന്തപുരം: പതിനൊന്ന് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നലെ അർദ്ധരാത്രിയോടെയാണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്. ജപ്പാൻ, കൊറിയ പര്യടനത്തിനായി കഴിഞ്ഞ മാസം 23നാണ് മുഖ്യമന്ത്രി, മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുൾപ്പെട്ട സംഘം യാത്ര തിരിച്ചത്. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു പര്യടനം. വിദേശ പര്യടനത്തിന് 80 ലക്ഷത്തോളം രൂപ ചെലവായതായാണ് ഔദ്യോഗിക കണക്ക്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നെങ്കിലും അവരുടേത് ഔദ്യോഗിക ചെലവിലല്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം കൊണ്ടു സംസ്ഥാനത്തിന് എന്ത് പ്രയോജനമുണ്ടായെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ജപ്പാനിലെ സർവകലാശാലയുമായി കരാറുണ്ടാക്കാൻ എന്തിന് മുഖ്യമന്ത്രി പോകണമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ വൈസ് ചാൻസലറോ പോയാൽ പോരേയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ അഭാവത്തിൽ പകരം മന്ത്രിമാർക്ക് ചുമതലയൊന്നും നൽകിയിരുന്നില്ല. കഴിഞ്ഞയാഴ്ച പതിവ് മന്ത്രിസഭായോഗവും ചേർന്നില്ല. ഈയാഴ്ചത്തെ മന്ത്രിസഭായോഗം നാളെ ചേരും.