set-on-fire

ലക്‌നൗ: കഴിഞ്ഞ വർഷം കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ സംഘം ചേർന്ന് ജീവനോടെ തീകൊളുത്തി. വ്യാഴാഴ്ച ഉത്തർ പ്രദേശിലെ ഉന്നാവോയിലാണ് സംഭവം നടന്നത്. 2018ൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ അതേ സംഘം തന്നെയാണ് വീണ്ടും പെൺകുട്ടിയെ അക്രമിച്ചതെന്നാണ് സൂചന. റായ് ബറേലിയിലേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ സംഘം ശേഷം തടഞ്ഞ് നിർത്തുകയായിരുന്നു. തടഞ്ഞ ശേഷം പെൺകുട്ടിയുടെ തലയിൽ ഇവർ ശക്തിയായി അടിക്കുകയും കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷമാണ് ദേഹത്തേക്ക് പെട്രോൾ ഒഴിക്കുന്നതും തീകൊളുത്തുന്നതും. അധികം താമസിയാതെ തന്നെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആറ് പേരാണ് 23 വയസുള്ള പെൺകുട്ടിയെ തീകൊളുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ പെൺകുട്ടി ലക്‌നൗവിലെ ട്രോമ സെന്ററിൽ ചികിത്സയിലാണ്. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന വിവരമാണ് ലഭിക്കുന്നത്. ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. തന്റെ ജീവന് നേരെ ഭീഷണി ഉണ്ടെന്ന് നേരത്തെ തന്നെ പെൺകുട്ടി പൊലീസിനോട് പരാതിപ്പെട്ടിരുന്നു. മാർച്ച് മാസത്തിലാണ് പെൺകുട്ടി പൊലീസിന് പരാതി നൽകിയത്. ഹൈദരാബാദിൽ ലേഡി വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന ശേഷം തീകൊളുത്തിയ സംഭവം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് സമാനമായ രീതിയിൽ ഈ പെൺകുട്ടിയും ആക്രമിക്കപ്പെടുന്നത്.