ഹവായി: അമേരിക്കയിലെ പേൾ ഹാർബർ സൈനിക വിമാനത്താവളത്തിന് നേരെയുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവയ്പ്പ് നടത്തിയ അക്രമിയും സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശികസമയം ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. വെടിവയ്പ് നടത്തിയ ആളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇയാൾ അമേരിക്കൻ നാവികനാണെന്നാണ് വിവരം.
ഇന്ത്യൻ വ്യോമസേനാ മേധാവി ആർ.കെ.എസ്.ബദുരിയയും സംഘവും വെടിവയ്പ്പ് നടക്കുന്ന സമയം പേൾ ഹാർബറിലുണ്ടായിരുന്നുവെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു. ഇവർ സുരക്ഷിതരാണെന്നും സംഭവം സംഘത്തെ ബാധിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. അമേരിക്കയടെ നാവിക-വ്യോമ സംയുക്ത താവളമാണ് പേൾ ഹാർബർ. സൈനിക താവളത്തിനോട് ചേർന്ന് തന്നെ കപ്പൽ നിർമാണശാലയും പേൾ ഹാർബറിലുണ്ട്. അമേരിക്കൻ സൈന്യത്തിന് വേണ്ട കപ്പലുകളും അന്തർവാഹിനികളും ഇവിടെയാണ് നിർമിക്കുന്നത്.