പമ്പ : ശബരിമല മണ്ഡലകാലം ആരംഭിച്ച ശേഷം പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള ശീതസമരം പുതിയ തലത്തിലേക്ക്. ശബരിമലയിലേക്ക് ദേവസ്വം ബോർഡ് താത്കാലികമായി നിയമിച്ച ഉദ്യോഗസ്ഥരിൽ ക്രിമിനലുകൾ കടന്നു കൂടിയിട്ടുള്ളതായി ഡി.ജി.പിക്ക് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് വാസ്തവത്തിന് നിരക്കുന്നതല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. സന്നിധാനത്ത് ജോലി ചെയ്യുന്ന ദേവസ്വം ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കാണെന്നും പൊലീസ് അതിന് ശ്രമിക്കേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഇതോടെ പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള മൂപ്പിള തർക്കം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തനെ ദേവസ്വം സെക്യൂരിറ്റി കൈകാര്യം ചെയ്തുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ താത്കാലിക നിയമനം തേടി ദേവസ്വം ഉദ്യോഗസ്ഥരായി ശബരിമലയിൽ ജോലി നോക്കുന്നതായി കണ്ടെത്തിയത്. എന്നാൽ പൊലീസ് റിപ്പോർട്ടിൽ പറയുന്നത് കളവാണെന്നും, സോപാനത്ത് ജോലി നോക്കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരൻ ദർശനത്തിനെത്തിയപ്പോൾ ക്യൂ പാലിക്കാതെ സോപാനത്തിന് മുന്നിൽ കൂടുതൽ സമയം നിൽക്കുന്നത് ശ്രദ്ധയിൽപെട്ട ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തൊഴുതുമാറാൻ ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് ദേവസ്വം അധികാരികൾ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരനാണന്ന് അറിയാതെ മാറാൻ ആവശ്യപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥനെ പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ദർശനത്തിനെത്തിയാളെ പിടിച്ചുതള്ളി എന്ന ആരോപണം തെറ്റാണെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ അത്തരമൊരു കാഴ്ച താൻ കണ്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു.
സന്നിധാനത്ത് പൊലീസ് അമിതമായി അധികാരം കാണിക്കുന്നതായി ദേവസ്വം ഉദ്യോഗസ്ഥർക്ക് പരാതിയുണ്ട്. കഴിഞ്ഞ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ നിന്നും വിഭിന്നമായി ഏറെ സമാധാനപൂർവമായ മണ്ഡലകാലമാണ് ഇപ്പോഴുള്ളത്. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോഴും പരുക്കൻ സമീപനം ഉണ്ടാവുന്നതായി പരാതിയുണ്ട്. പലപ്പോഴും അടുപ്പക്കാർക്കും വേണ്ടപ്പെട്ടവർക്കും ക്യൂ തെറ്റിച്ച് വി.ഐ.പി ദർശനമൊരുക്കാൻ പൊലീസ് ശ്രമിക്കുന്നതും ദേവസ്വം ജീവനക്കാരിൽ അമർഷമുണ്ടാക്കുന്നുണ്ട്.