ലോസ് ആഞ്ചലസ്: മരണപ്പെട്ട സ്ത്രീയുടെ മാറിടത്തിൽ സ്പർശിച്ച പൊലീസുകാരനെതിരെ അന്വേഷണം. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം നടന്നത്. ലോസ് ആഞ്ചലസ് പൊലീസ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. പൊലീസുകാരന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തായിട്ടുണ്ട്. സംഭവം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്നും പൊലീസ് വകുപ്പിനാകെ നാണക്കേടാണ് ഈ സംഭവത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും പൊലീസ് വകുപ്പിലെ ലൂട്ടനന്റ് ക്രിസ് റമീറസ് പ്രതികരിച്ചു. സംഭവത്തിൽ തങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഒരു റസിഡൻഷ്യൻ യൂണിറ്റിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കുറ്റാരോപിതനായ പൊലീസുകാരനും അയാളുടെ പാർട്ണറും ചേർന്ന് ഇവിടേക്കെത്തി യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പിന്നീട് മൃതദേഹം സൂക്ഷിച്ചിരുന്ന മുറിയിൽ വച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരും മടങ്ങി. എന്നാൽ അൽപ്പസമയം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങിയെത്തിയ ഉദ്യോഗസ്ഥൻ മൃതദേഹത്തിന്റെ മാറിടത്തിൽ സ്പർശിക്കുകയായിരുന്നു. ഈ സമയം തന്റെ ബോഡി ക്യാമറ ഉദ്യോഗസ്ഥൻ ഒഫ് ചെയ്തിരുന്നുവെങ്കിലും ക്യാമറയിലെ 2 മിനിറ്റ് ബഫർ ടൈം കാരണം പൊലീസുകാരന്റെ ചെയ്തികൾ റെക്കോർഡ് ചെയ്യപ്പെടുകയായിരുന്നു. ഡിപ്പാർട്മെന്റിലെ ബോഡി ക്യാമറ പരിശോധനയിൽ യാദൃശ്ചികമായാണ് ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെടുന്നത്. കുറ്റാരോപിതനായ പൊലീസുകാരൻ അന്വേഷണ സംബന്ധമായി ഇപ്പോൾ അവധിയിലാണ്.