ജിദ്ദ : സൗദി പൊലീസിനെ ഞെട്ടിച്ച് വൻ കവർച്ച നടത്തിയ മോഷ്ടാവ് രാജ്യം വിട്ടു. ജോലി ചെയ്യുന്ന ജ്വല്ലറിയിലെ ജീവനക്കാരനാണ് പത്ത് കിലോ സ്വർണവുമായി രാജ്യം വിട്ടത്. അഞ്ച് ലക്ഷം റിയാൽ മൂല്യമുള്ള സ്വർണമാണ് ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ചത്. മോഷണത്തിന്റെ നിർണായകമായ തെളിവ് ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറയിൽ നിന്നും പൊലീസിന് ലഭിച്ചു. ഇതിൽ നിന്നുമാണ് മോഷ്ടാവ് ജ്വല്ലറിയിലെ ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞത്. ജ്വല്ലറി പൂട്ടി യ ശേഷം മുൻവാതിലിലൂടെ പുറത്തിറങ്ങിയ ജീവനക്കാരൻ മറ്റൊരു ഭാഗത്തെ വാതിലിലൂടെ അകത്തേയ്ക്ക് കയറുന്നതും സ്വർണാഭരണങ്ങൾ കവറുകളിൽ നിറച്ച് പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
കനത്ത സുരക്ഷയൊരുക്കിയിട്ടും മോഷ്ടാവ് രാജ്യം വിട്ടത് പൊലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി. എന്നാൽ മോഷ്ടാവ് ഏത് രാജ്യത്തെ പൗരനാണെന്നുള്ള വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല.