കോതമംഗലം: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വലത് കൈയിൽ മൊബൈൽ ഫോൺ പിടിച്ച് സംസാരിച്ചും ഇടതുകൈ വളയത്തിലും പിടിച്ച് ബസ് ഓടിക്കുന്ന ദൃശ്യം യാത്രക്കാരിൽ ആരോ ഒരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം-പെരുമ്പാവൂർ റൂട്ടിലോടുന്ന ശ്രീലക്ഷ്മി ബസിലാണ് സംഭവം. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഡ്രൈവർ ശ്രീകാന്തിനെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് കോതമംഗലം ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.
കുട്ടികളും സ്ത്രീകളും അടങ്ങുന്ന 50 ഓളം യാത്രക്കാരുടെ ജീവൻ പന്താടിയായിരുന്നു ഡ്രൈവറുടെ മൊബൈൽ ഫോൺ വിളി. ഇയാൾ വലതുകൈയിൽ മൊബൈൽ ഫോൺ പിടിച്ച് വിരൽ കൊണ്ട് നമ്പർ ഡയൽ ചെയ്യുന്നതും തുടർന്ന് മൊബൈൽ ഫോൺ പിടിച്ച് സംസാരിച്ചുകൊണ്ട് ബസ് ഡ്രൈവ് ചെയ്യുന്ന രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോയാണ് ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായത്. ഫോൺ വിളിക്കിടെ ഇടയ്ക്ക് ഇടത് കൈ കൊണ്ട് ഗിയർ മാറ്റുന്നു. ഇതിനിടെ യാത്രക്കാരുടെ നേർക്ക് നോക്കുന്നുമുണ്ട്.
നേരത്തെയും സമാനമായ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം മൈക്കിൽ പാട്ടുപാടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസും വാഹനമോടിക്കുന്നതിനിടെ പെൺകുട്ടികളെ കൊണ്ട് ഗിയർ മാറ്റി കളിച്ച വയനാട് കൽപ്പറ്റക്കാരനായ ഡ്രൈവറുടെ ലൈസൻസും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.