manmohan-singh

ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്നുണ്ടായ സിഖ് കലാപം ഒഴിവാക്കാൻ അവസരമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. ഇന്ദിരയുടെ മരണശേഷം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ഐ.കെ ഗുജ്‌റാളിന്റെ വാക്കുകൾ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.വി നരസിംഹ റാവു കേട്ടിരുന്നുവെങ്കിൽ സിഖുകാർ കൂട്ടക്കൊല ചെയ്യപ്പെട്ട കലാപം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു മൻമോഹൻ സിംഗിന്റെ പ്രസ്താവന. ഐ.കെ ഗുജ്‌റാളിന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിക്കപ്പെട്ട ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥിതിഗതികൾ വളരെ മോശമാണെന്നും കലാപം തടയാൻ ഉടൻ തന്നെ സൈന്യത്തെ നിയോഗിക്കണമെന്നും ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെയന്ന് വൈകിട്ട് ഗുജ്റാൾ നരസിംഹ റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. അത് അദ്ദേഹം കേട്ടിരുന്നുവെങ്കിൽ 1984ലെ സിഖ് വിരുദ്ധ കലാപവും കൂട്ടക്കൊലയും ഒഴിവാക്കാമായിരുന്നു എന്നുമായിരുന്നു മൻമോഹൻ സിംഗ് വെളിപ്പെടുത്തിയത്. താനും ഗുജ്റാളും പാകിസ്ഥാനിൽ നിന്നുമുള്ള അഭയാർത്ഥികൾ ആയിരുന്നുവെന്നും അവിടെ നിന്നുമാണ് തങ്ങൾ ഇരുവരും ഇന്ത്യൻ പ്രധാനമന്ത്രിമാർ എന്ന സ്ഥാനത്തേക്ക് എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങൾ ഇരുവരും പാകിസ്ഥാനിലെ ഝലത്തിലാണ് ജനിച്ചത്. അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1984ൽ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തിലും കൂട്ടക്കൊലകൾക്കും ചുക്കാൻ പിടിച്ചത് കോൺഗ്രസുകാരാണ് എന്ന് ആരോപണം ഉയർന്നിരുന്നു.