ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി 2018ൽ പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർണായകമായ പരാമർശം നടത്തിയത്. ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലേക്ക് കേസ് വിട്ട സാഹചര്യത്തിൽ മുൻപുണ്ടായ വിധി അന്തിമമല്ലെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന പുതിയ ബെഞ്ചിന്റെ അദ്ധ്യക്ഷനും എസ്.എ ബോബ്ഡെ തന്നെയാണ്. ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതിനായി സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് താൻ നൽകിയ ഹർജി അതിവേഗം പരിഗണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചത്.
ബിന്ദു അമ്മിണിയുടെയും മറ്റൊരു ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയുടെയും ഹർജികൾ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. ശബരിമല ദർശനം നടത്തുന്നതിനായി തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രഹ്ന ഫാത്തിമ ഹർജി നൽകിയിരിക്കുന്നത്. ഇരുവരുടെയും ഹർജികൾ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കണമോ എന്ന കാര്യത്തിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഈ ആഴ്ച്ച തന്നെ തീരുമാനമെടുക്കും. പ്രമുഖ അഭിഭാഷകയായ ഇന്ദിര ജയ്‌സിംഗാണ് ബിന്ദു അമ്മിണിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. ശബരിമലയിൽ ദർശനം നടത്തുന്നതിന് വേണ്ടി കൊച്ചി കമ്മീഷണർ ഓഫീസിലുണ്ടായിരുന്ന തൃപ്തി ദേശായിയെ സ്വീകരിക്കാനെത്തിയ ബിന്ദു അമ്മിണിയെ ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തകനായ ശ്രീനാഥ് മുളക് സ്പ്രേയുമായി ആക്രമിച്ചിരുന്നു.