fathima-latheefs

ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഫാത്തിമ ലത്തീഫിന്‍റെ കുടുംബം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ ഫാത്തിമയുടെ മാതാപിതാക്കൾക്ക് ഉറപ്പു നൽകി.

ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബർ ഒൻപതിനാണ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്റേണൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് ഫാത്തിമ ആത്മഹത്യ ചെയ്തുവെന്നാണ് ഐ.ഐ.ടി അധികൃതർ പറയുന്നത്.

അതേസമയം,​ ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്. മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഫാത്തിമയുടെ പിതാവ് നേരത്തെ രംഗത്തെത്തിയിരുന്നു.