ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനന്റെ പരാമർശത്തിന് മറുപടിയുമായി മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. താൻ സവോളയും വെളുത്തുള്ളിയും കഴിക്കാറില്ലെന്നും അങ്ങനെയൊരു കുടുംബത്തിൽ നിന്നുമാണ് താൻ വരുന്നതെന്നുമുള്ള ലോക്സഭയിൽ വച്ച് നിർമല നടത്തിയ പരാമർശത്തിന് 'അവരെന്താ അവോക്കാഡോയാണോ കഴിക്കുന്നത്?' എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. കമ്പോളത്തിൽ കിലോയ്ക്ക് 350 മുതൽ 400 രൂപ വരെ വിലയുള്ള പഴമാണ് അവോക്കാഡോ. ജനങ്ങൾ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുമ്പോൾ ധനമന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് സൂചിപ്പിക്കുകയായിരുന്നു ചിദംബരം. ഐ.എൻ.എക്സ് മീഡിയ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ചിദംബരം ഈ പരാമർശം നടത്തിയത്.
നിർമലയുടെ പരാമർശത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് പാർട്ടിയും രംഗത്ത് വന്നിട്ടുണ്ട്. ഭക്ഷണം കിട്ടാതെ വിശന്നുവലഞ്ഞ ഫ്രഞ്ച് ജനതയോട് 'കേക്ക് കഴിച്ചുകൂടെ' എന്ന് ചോദിച്ച രാഞ്ജി മേരി ആന്റുവാനറ്റിനോടാണ് നിർമല സീതാരാമനെ കോൺഗ്രസ് ഉപമിക്കുന്നത്. രാജ്യത്ത് ഉള്ളിവില രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്സഭയിൽ അതേക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നിർമല സീതാരാമൻ ഈ പരാമർശം നടത്തുന്നത്. സംസാരത്തിനിടെ പ്രതിപക്ഷ എം.പിമാർ കേന്ദ്രമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തികൊണ്ട് 'നിങ്ങൾ ഈജിപ്ഷ്യൻ ഉള്ളിയാണോ കഴിക്കുന്നത്?' എന്ന് ചോദിച്ചപ്പോഴാണ് താൻ ഉള്ളിയും വെളുതുള്ളിയും കഴിക്കാറില്ലെന്നും തന്റെ വീട്ടിൽ അങ്ങനെയൊരു ഏർപ്പാടില്ലെന്നും നിർമല സീതാരാമൻ പറയുന്നത്. നിലവിൽ കിലോയ്ക് 180 രൂപയാണ് ഉള്ളിയുടെ വില.