ന്യൂഡൽഹി: കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനിൽ അറസ്റ്റിലായ ഇന്ത്യൻ വജ്ര വ്യാപാരി നീരവ് മോദിയെ മുംബയ് പ്രത്യേക കോടതി സാമ്പത്തിക പിടികിട്ടാ കുറ്റവാളിയായി പ്രഖ്യാപിച്ചു. ഇതിൻ പ്രകാരം, നീരവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാരിന് സാധിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് 2018 ലെ ഫ്യുജിറ്റീവ് ഇക്കണോമിക്സ് ഒഫെന്റേഴ്സ് ആക്റ്റ് പ്രകാരം ഇന്നലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വിജയ് മല്യയ്ക്ക് ശേഷം വഞ്ചന വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി. നീരവ് ഇപ്പോൾ ലണ്ടനിലെ വാണ്ട്സ്‌വർത്ത് ജയിലിലാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്സിയും. കേസിൽ സി.ബി.ഐ അന്വേഷണം തുടങ്ങും മുമ്പ്, കഴിഞ്ഞ വർഷം ജനുവരിയിൽ ഇരുവരും രാജ്യം വിടുകയായിരുന്നു.
ലണ്ടനിൽ താമസിക്കുകയായിരുന്ന നീരവിനെ ഇ.ഡിയുടെ ആവശ്യപ്രകാരം വെസ്റ്റ് എൻഡിലെ വസതിയിൽ നിന്ന് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് മിനിസ്റ്റർ കോടതിയുടെ ഉത്തരവ് പ്രകാരം 2018 മാർച്ചിലായിരുന്നു അറസ്റ്റ്. വീട്ടുതടങ്കലിൽ കഴിയാനും ജാമ്യത്തിനായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാനും തയ്യാറാണെന്ന് കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു. നീരവിനെ വിട്ടുനൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ 2020 മേയിൽ വിചാരണയാരംഭിക്കും.