onion-price-

കഴിഞ്ഞ വർഷം കേവലം നൂറ് രൂപയ്ക്ക് അഞ്ചും ആറും കിലോ സവാള കൂനകളായി കൂട്ടിയിട്ട് കേരളത്തിലെ റോഡുവക്കിൽ വിൽപ്പന നടത്തിയത് ഓർമ്മയുള്ളവർക്ക് ഇന്നത്തെ സവാള വില ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കാൻ ഇന്ന് സവാള ധാരാളം, കൂട്ടിന് ചെറിയ ഉള്ളിയും, വെളുത്തുള്ളിയും കൂടി ചേരുമ്പോൾ ഉള്ളി വർഗം മൊത്തത്തിൽ പണി തരാനായി പുറപ്പെട്ടിരിക്കുകയാണോ എന്ന് തോന്നും. ഓരോ ദിവസവും റെക്കാഡു തകർത്ത് ഉള്ളി വില കത്തിക്കയറുമ്പോൾ എന്ത് ചെയ്യുമെന്ന ആധിയിലാണ് കുടുംബം. ഹോട്ടലുടമകളെയും ഉള്ളി വില കാര്യമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കൊച്ചിയിൽ സവാളയ്ക്ക് കിലോ 130നും മുകളിലായി വില ഉയർന്നിരിക്കുകയാണ്. ചെറിയ ഉളളിയുടെ വില 150ലേക്കുയർന്നു.

രാജ്യത്ത് ഉള്ളി വർഗങ്ങളുടെ വിലക്കയറ്റം ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഉള്ളി ഉത്പാദക സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് ഉള്ളി വിലയുടെ വർദ്ധനവിന് കാരണമായി തീർന്നത്. സവാളയ്‌ക്കൊപ്പം പച്ചക്കറികൾക്കെല്ലാം വില കൂടിയിട്ടുണ്ട്. മുരിങ്ങക്കായയുടെ വിലയാണ് കുത്തനെ കൂടിയത്. കിലോഗ്രാമിന് മുന്നൂറിന് മുകളിലാണ് വില.


വിലക്കയറ്റം 100 ശതമാനത്തിനു മുകളിൽ

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഉള്ളി വിലയിലുണ്ടായ വിലവർദ്ധന 100 ശതമാനത്തിനും മുകളിലാണ്. നവംബർ ആദ്യം ചെറിയ ഉളളിയുടെ വില 75 രൂപയായിരുന്നു. സവാള വില 68 രൂപയും. എന്നാൽ കഴിഞ്ഞ വർഷം 45 മുതൽ 50 വരെയായിരുന്നു ഉള്ളി വില. സവാളയ്ക്ക് 36 മുതൽ 50 രൂപയും.