nirmala

ന്യൂഡൽഹി: ഉള്ളിവില സകല റെക്കാഡും ഭേദിച്ച് കുതിച്ചുയരുന്നതിനിടെ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ നടത്തിയ പരാമർശത്തിനെതിരെ ട്രോൾ മഴ. വിലക്കയറ്റം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയെങ്കിലും ആരും അതത്ര കാര്യമായെടുത്തിട്ടില്ല. താൻ അധികം ഉള്ളി കഴിക്കാറില്ലെന്ന പരാമർശമാണ് ഇപ്പോൾ വിമർശകർ ഏറ്റെടുത്തിട്ടുള്ളത്. പരിഹാസം നിറഞ്ഞ ട്രോളുകൾ ഉൾപ്പെട്ട '#SayItLikeNirmalaTai' എന്ന ഹാഷ്ഒടാഗ് ഇനിനോടകം ട്രെൻഡിംഗായിക്കഴിഞ്ഞു. നിർമലയോടൊപ്പം ഒരു വെജിറ്റേറിയനായതിനാൽ ഇതുവരെ ഉള്ളി രുചിച്ചുനോക്കിയിട്ടില്ലെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രിയുടെ അശ്വിനി ചൗബേയും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയെക്കുറിച്ചു യാതൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കേന്ദ്രമന്ത്രിയുടെ പരാമർശം ജാതിയിൽ അഭിമാനം കൊള്ളുന്ന തരത്തിലുള്ളതാണെന്ന വിമർശനവും സമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. സസ്യാഹാരികളായ ബ്രാഹ്മണ വിഭാഗക്കാർ ഉള്ളിയും വെളുത്തുള്ളിയും പരമ്പരാഗതമായി ഉപയോഗിക്കാറില്ലെന്നും, ഈ സാഹചര്യത്തിൽ തീർത്തും നിരുത്തരവാദപരമായ പരാമർശമാണ് ധനമന്ത്രി നടത്തിയിട്ടുള്ളതെന്ന വിമർശനമാണ് ഉയരുന്നത്. തന്റെ പരാമർശം തെറ്റായി ഉപയോഗിച്ചുവെന്നാണ് നിർമലയുടെ വാദം. ട്രോളുകൾ കൂടിയതോടെ ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ മന്ത്രി ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താങ്കൾ ഉള്ളി കഴിക്കാറില്ലേ എന്ന ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയതെന്നാണ് നിർമലയെ പിൻന്തുണയ്ക്കുന്നവരുടെ വാദം.

ലോക്‌സഭയിൽ എൻ.സി.പി എം.പി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് നിർമല പുലിവാൽ പിടിച്ചത്. താൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ലെന്നും, ഉള്ളിയോ വെളുത്തുള്ളിയോ അധികം കഴിക്കുന്ന കുടുംബത്തിൽ നിന്നല്ല താൻ വരുന്നതെന്നും മറുപടിയായി അവർ പറഞ്ഞു. എന്നാൽ സീതാരാമനും കുടുംബവും ഉള്ളി കഴിക്കാറുണ്ടോ ഇല്ലയോ എന്നതിന് ഉള്ളിവില കുതിച്ചുയരുന്നത് സംബന്ധിച്ച ചർച്ചയിൽ യാതൊരു പ്രസക്തിയുമില്ലെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിമർശനം ഉയർന്ന് അത് ട്രോളായി മാറുകയായിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി എം.പി, പി.ചിദംബരം എന്നിവരും നിർമ്മലയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്