'മായി ഘട്ട്.ക്രൈം നമ്പർ 103-2005.' നീതിക്കായി സധൈര്യം പോരാടിയ ഒരമ്മയുടെ കഥയാണിത്. മലയാളിയായ ഒരമ്മ നടത്തിയ പോരാട്ടത്തെ മറാത്തിയിലൂടെ അഭ്രപാളികളിൽ എത്തിച്ചിരിക്കുകയാണ് സംവിധായകനും നടനും മലയാളിയുമായ ആനന്ദ് മഹാദേവൻ. ഗോവയിൽ രാജ്യാന്തര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ മറാത്തി ചിത്രത്തിന്റെ കഥ തിരുവനന്തപുരത്ത് നടന്ന ഉദയകുമാർ ഉരുട്ടിക്കൊല സംഭവത്തിൽ അമ്മ പ്രഭാവതി അമ്മ നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിന്റെ തനത് ആവിഷ്കാരമാണ്.
തിരുവനന്തപുരം സംഭവത്തെ മഹാരാഷ്ട്രയിലെ കൃഷ്ണാനദീതീരത്തെ സാംഗ്ളിയിലേക്ക് സംവിധായകൻ ആനന്ദ് മഹാദേവൻ പറിച്ചുനട്ടുവെന്നു മാത്രം. മായി ഘട്ട് അവിടെയുള്ള ഒരു സ്ഥലമാണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രം പ്രഭാമായി അവിടെ അലക്കുതൊഴിലാളിയാണ്. പൊലീസ് യൂണിഫോമടക്കം കഴുകി തേച്ചു നൽകുന്ന അലക്കുകാരി. അവരുടെ മകൻ നിഥിനെയും കൂട്ടുകാരനെയും മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ലോക്കപ്പ് മർദ്ദനത്തിൽ മകൻ മരിക്കുകയുമാണ്. യഥാർത്ഥ സംഭവത്തിൽ ഉദയകുമാറിനെയും കൂട്ടുകാരനെയും തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ വച്ച് സംശയാസ്പദമായി കണ്ടുവെന്നു പറഞ്ഞ് ഫോർട്ട് പൊലീസ് പിടികൂടുകയായിരുന്നു, ഉദയകുമാറിന്റെ കൈയിൽ അമ്മ നൽകിയ പണം ഉണ്ടായിരുന്നു. അത് കവർച്ചപ്പണമാണെന്ന് മുദ്രകുത്തി. ലോക്കപ്പ് മർദ്ദനത്തിൽ ഉദയകുമാർ മരിച്ചു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രഭാവതി അമ്മ നടത്തിയ പോരാട്ടമാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്.