കൊച്ചി: റിസർവ് ബാങ്ക് പലിശ കുറയ്‌ക്കാഞ്ഞതല്ല, ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷ കുത്തനെ വെട്ടിത്താഴ്‌ത്തിയതാണ് ഇന്നലെ സാമ്പത്തിക ലോകത്തിനും കേന്ദ്രസർക്കാരിനും 'ഷോക്ക്" ആയത്. ഇന്ത്യ നടപ്പുവർഷം (2019-20) 6.1 ശതമാനം വളരുമെന്നാണ് റിസർവ് ബാങ്ക് ഒക്‌ടോബറിൽ സൂചിപ്പിച്ചത്. ഇന്നലെയത്, അഞ്ചു ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു.
കഴിഞ്ഞ ഫെബ്രുവരി മുതൽ തുടർച്ചയായി അഞ്ചുവട്ടം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു. ഇതോടൊപ്പം, ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷയും റിസർവ് ബാങ്ക് താഴ്‌ത്തി എന്നതാണ് കൗതുകം. ഫെബ്രുവരിയിൽ, നടപ്പുവർഷത്തെ പ്രതീക്ഷ 7.4 ശതമാനം വളർച്ചയാണെന്ന് റിസർവ് ബാങ്ക് പറഞ്ഞിരുന്നു. ഇതാണ്, ഇപ്പോൾ അഞ്ച് ശതമാനത്തിൽ എത്തിയത്.
കയറ്റുമതിയിടിവ്, ഉത്‌പാദനക്കുറവ്, രാജ്യത്തെ സാമ്പത്തിക ഇടപെടലുകളിലെ മാന്ദ്യം, ഉപഭോക്തൃ വിപണിയിലെ തളർച്ച എന്നിവയാണ് ജി.ഡി.പിയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ആറുവർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനമായിരുന്നു ജി.ഡി.പി വളർച്ച. ജൂലായ് - സെപ്‌ഡതംബറിൽ ഇത് ആറരവർഷത്തെ താഴ്‌ചയായ 4.50 ശതമാനത്തിലെത്തി.
ഒക്‌ടോബർ - മാർച്ചിൽ പ്രതീക്ഷ 4.9 മുതൽ 5.5 ശതമാനം വരെ വളർച്ചയാണ്. അടുത്തവർഷത്തെ (2020-21) ആദ്യപകുതിയിൽ (ഏപ്രിൽ-സെപ്‌തംബർ) ഇത് 5.9 മുതൽ 6.3 ശതമാനം വരെയാകും.
റിസർവ് ബാങ്കിന്റെ
വെട്ടിത്തിരുത്തലുകൾ
കഴിഞ്ഞ ഫെബ്രുവരി മുതൽ തുടർച്ചയായി ഓരോ ധനനയ പ്രഖ്യാപനത്തിലും ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷയും റിസർവ് ബാങ്ക് താഴ്‌ത്തുകയാണ്. ദാ ഇങ്ങനെ :
ഫെബ്രുവരി : 7.4%
ഏപ്രിൽ : 7.2%
ജൂൺ : 7.0%
ആഗസ്‌റ്ര് : 6.9%
ഒക്‌ടോബർ : 6.1%
ഡിസംബർ : 5.0%
നാണയപ്പെരുപ്പം മേലോട്ട്
ഇന്നലെ പലിശ കുറയ്ക്കാതിരുന്നതിന് പിന്നിലെ ഒരു കാരണം റീട്ടെയിൽ നാണയപ്പെരുപ്പമാണ്.
സെപ്‌തംബറിലെ 3.99 ശതമാനത്തിൽ നിന്ന് ഒക്‌ടോബറിൽ 4.62 ശതമാനത്തിലേക്ക് നാണയപ്പെരുപ്പം എത്തിയിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം 39 മാസത്തെ ഉയരമായ 6.9 ശതമാനമായതും തിരിച്ചടിയായി. മഴക്കെടുതി മൂലം കാർഷിക ഉത്‌പാദനം കുറഞ്ഞതിനാൽ നാണയപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. ഈവർഷം ഒക്‌ടോബർ-മാർച്ചിൽ 4.7 മുതൽ 5.1 ശതമാനം വരെയും 2020 ഏപ്രിൽ-സെപ്‌തംബറിൽ 3.8 മുതൽ നാല് ശതമാനം വരെയുമായിരിക്കും നാണയപ്പെരുപ്പം.
ജി.ഡി.പി: ഇനി പന്ത്
കേന്ദ്രത്തിന്റെ കോർട്ടിൽ
ജി.ഡി.പി വളർച്ചയ്ക്കും ഉപഭോക്തൃ വിപണിക്കും ഉണർവേകാൻ ഇതിനകം നിരവധിവട്ടം പലിശ കുറച്ചുവെന്ന് റിസർവ് ബാങ്ക് ഇന്നലെ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ഉത്തേജക പദ്ധതികളുടെ ഫലത്തിനായി കാക്കുകയാണ് ഇനി വേണ്ടത്. അടുത്ത കേന്ദ്ര ബഡ്‌ജറ്റിലും നിരവധി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. അവ കൂടി വിലയിരുത്തിയ ശേഷം വീണ്ടും പലിശ കുറയ്‌ക്കുന്നത് പരിഗണിക്കും.
നിക്ഷേപകർക്ക്
ആശ്വാസം
റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ കുറയ്ക്കാതിരുന്നത് ബാങ്ക് നിക്ഷേപകർക്ക് ആശ്വാസമാണ്. ഇതിനകം ഈവർഷം ഫെബ്രുവരി-നവംബർ കാലയളവിൽ സ്ഥിരനിക്ഷേപ പലിശയിലുണ്ടായ കുറവ് 0.47 ശതമാനമാണ്. ഇത്, നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തെ ബാധിച്ചിരുന്നു.
എം.പി.സി ഒറ്റക്കെട്ട്
ധനനയ നിർണയ സമിതി (എം.പി.സി) അംഗങ്ങളായ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവർണർ എസ്.പി. കാനുംഗോ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മൈക്കൽ പാത്ര, സ്വതന്ത്ര അംഗങ്ങളായ പാമി ദുവ, രവീന്ദ്ര ധൊലാക്കിയ, ഛേതൻ ഖാട്ടെ എന്നിവർ ഒറ്റക്കെട്ടായാണ് ഇന്നലെ പലിശ കുറയ്ക്കേണ്ടെന്ന് വോട്ട് ചെയ്‌തത്.
$45,170 കോടി
ഇന്ത്യയുടെ വിദേശ നാണയശേഖരം ഡിസംബർ മൂന്നിന് സമാപിച്ച വാരത്തിൽ ചരിത്രത്തിലെ റെക്കാഡ് ഉയരമായ 45,170 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പുസാമ്പത്തിക വർഷം ഇതുവരെ ശേഖരത്തിലുണ്ടായ വർദ്ധന 3,880 കോടി ഡോളറാണ്.
ഡിജിറ്റൽ ഇടപാടിന്
പുതിയ പ്രീപെയ്ഡ് കാർഡ്
10,000 രൂപവരെയുള്ള ഇടപാട് നടത്താം
മുംബയ്: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനായി പുതിയ പ്രീപെയ്ഡ് കാർഡ് അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 10,000 രൂപവരെയുള്ള ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാൻ ഇതുപയോഗിക്കാം.
ബാങ്ക് അക്കൗണ്ട് മുഖേനയാണ് കാർഡിൽ പണം നിറയ്ക്കാനാവുക. ബിൽ പേമെന്റുകൾക്കും കടകളിൽ സാധനങ്ങൾ വാങ്ങാനുമൊക്കെ കാർഡ് ഉപയോഗിക്കാം. ഉപഭോക്താക്കളിൽ നിന്ന് നിർദേശങ്ങൾ തേടിയശേഷമായിരിക്കും കാർഡ് അവതരിപ്പിക്കുക. ഡിസംബർ 31ന് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തിറക്കും. നിലവിൽ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പ്രീപെയ്ഡ് കാർഡുകൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.