മലപ്പുറം: മുൻനിര രാഷ്ട്രീയ നേതാക്കൾക്ക് പോലും കഴിയാതിരുന്ന ഒരു വെല്ലുവിളി ഏറ്റെടുത്ത് അത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് മലപ്പുറത്തെ പ്ലസ് ടു വിദ്യാർത്ഥിനിയായ സഫ ഫെബിൻ. സാക്ഷാൽ രാഹുൽ ഗാന്ധിയുടെ ഇംഗ്ളീഷിലുള്ള പ്രസംഗം പരിഭാഷപ്പെടുത്തുക എന്ന ദൗത്യമാണ് സഫ അനായാസം നിർവഹിച്ചത്. സ്‌കൂളിലെ സയൻസ് ലാബ് ഉത്‌ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധി മലപ്പുറം കരുവാക്കുണ്ട് ഗവ. യു.പി സ്‌കൂളിലേക്ക് എത്തിയത്. മുൻപ് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിൽ കോൺഗ്രസിലെ പല മുൻനിര നേതാക്കളും പരാജയപ്പെട്ടയിടത്താണ് സഫ വിജയം കണ്ടെത്തിയത്.
തന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനായി ഏതെങ്കിലുമൊരു വിദ്യാർത്ഥിക്ക് വേദിയിലേക്ക് വരാൻ താത്പര്യമുണ്ടോ എന്ന രാഹുലിന്റെ ചോദ്യം കേട്ടാണ് സഫ അതിന് തയാറായി വേദിയിലേക്ക് കയറിവന്ന സഫയെ രാഹുൽ ഗാന്ധി കൈ നൽകി സ്വീകരിക്കുകയായിരുന്നു. തുടർന്ന് രസകരമായ മലപ്പുറം ഭാഷയിൽ സഫ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുകയായിരുന്നു. സഫയുടെ ഓരോ വാക്കും നിറഞ്ഞ കൈയടികളോടെയാണ് കുട്ടികൾ സ്വീകരിച്ചത്. സഫയ്ക്ക് പരിഭാഷ അനായാസമാകുന്നതിനായി നിർത്തി നിർത്തിയാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. ആദ്യമായാണ് താൻ പ്രസംഗത്തിന്റെ പരിഭാഷ നിർവഹിക്കുന്നതെന്നും സുഹൃത്തുക്കളുടെ പിൻതുണ ലഭിച്ചപ്പോഴാണ് താൻ സ്റ്റേജിൽ കയറിയതെന്നും സഫ മാദ്ധ്യമങ്ങളോട് പറഞ്ഞു.