
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാൾ നൽകിയ ഉപദേശം അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി.വി.നരസിംഹറാവു കേട്ടിരുന്നെങ്കിൽ 1984ൽ നടന്ന സിഖ് വിരുദ്ധ കലാപം ഒഴിവാക്കാൻ സാധിക്കുമായിരുന്നെന്ന് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗ് പറഞ്ഞു. ഗുജ്റാളിന്റെ നൂറാം ജന്മവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1984ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. കലാപം ആരംഭിച്ച സായാഹ്നത്തിൽ ആഭ്യന്തരമന്ത്രി പി.വി.നരസിംഹ റാവുവുമായി നടന്ന ചർച്ചയിൽ സ്ഥിതിഗതികൾ ഗുരുതരമാണെന്നും അടിയന്തരമായി സൈന്യത്തെ രംഗത്തിറക്കണമെന്നും ഐ.കെ.ഗുജ്റാൾ ഉപദേശിച്ചു. ഇതു കേട്ടിരുന്നെങ്കിൽ കൂട്ടക്കൊല ഒഴിവാക്കാൻ കഴിഞ്ഞേനെയെന്ന് സിംഗ് പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രിമാരാകാൻ സാധിച്ച പാക് അഭയാർത്ഥികളാണ് താനും ഗുജ്റാളുമെന്നും സിംഗ് പറഞ്ഞു. പാകിസ്ഥാനിലെ ഝലം ജില്ലയിലാണ് ഗുജ്റാളും താനും ജനിച്ചതെന്ന് സിംഗ് ഓർമിപ്പിച്ചു. അനുസ്മരണ ചടങ്ങിൽ എൻ.സി.പി നേതാവ് ശരദ് പവാർ ഉൾപ്പെടെ നിരവധി പ്രമുഖർ ഗുജ്റാളിന് ആദരവ് അർപ്പിച്ചു.