chennai-iit-

ന്യൂഡൽഹി: ചെന്നൈ ഐ.ഐ.ടിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ലത്തീഫ്. ഫാത്തിമയുടെ മൃതദേഹം മുറിയിൽ കണ്ടെത്തിയത് മുട്ടുകാലിൽനില്‍ക്കുന്ന നിലയിലായിരുന്നുവെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യ ദിവസം ഫാത്തിമയുടെ മൃതശരീരം കാണാൻ പൊലീസ് അനുവദിച്ചില്ല. തെളിവുകൾ നശിപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്നും ലത്തീഫ് പറഞ്ഞു.


മുറിയുടെ വാതിൽ അടയ്ക്കാതിരുന്നതിലും ദുരൂഹതയുണ്ട്. ആത്മഹത്യ ചെയ്തെന്നാണ് പറഞ്ഞതെങ്കിലും മുറിയിലെ ഫാനിൽ കയറോ മറ്റോ ഉണ്ടായിരുന്നില്ല. മുറിയിലെ പുസ്തകങ്ങളും സാധനങ്ങളും അലക്ഷ്യമായി കിടന്നിരുന്നു. ഫാത്തിമ ഒന്നും അലക്ഷ്യമായി വെയ്ക്കാറില്ല. സംഭവദിവസം ഹോസ്റ്റലിൽ പിറന്നാളാഘോഷം നടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേദിവസം ഹോസ്റ്റലിലുണ്ടായിരുന്നില്ല. പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ മരണം നടന്നുവെന്നാണ് ഡോക്ടർ പറഞ്ഞത്. പുലർച്ചെ വരെ ഹോസ്റ്റലിലെ പിറന്നാളാഘോഷം നീണ്ടിരുന്നു. മരണശേഷം കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല.

ഫാത്തിമയുടെ അക്കാദമിക് മികവിൽ കൂടെ പഠിച്ചിരുന്ന പലകുട്ടികൾക്കും അവളോട് ദേഷ്യമുണ്ടായിരുന്നു. മാനസികപീഡനങ്ങളും നേരിട്ടിരുന്നു. എന്തെല്ലാം നടന്നുവെന്ന് അവൾ കൃത്യമായി പേരുവിവരങ്ങൾസഹിതം എഴുതിവെച്ചിരുന്നു. അതിൽ അദ്ധ്യാപകനായ സുദർശൻ പദ്മനാഭന്റെ പേരുമുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള ചില വിദ്യാര്‍ഥികളുടെ പേരുകളുമുണ്ട്. ഇനിയതൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ല അദ്ദേഹം വ്യക്തമാക്കി.

ഫാത്തിമയുടെ മരണത്തിൽ കോട്ടൂർപുരം പൊലീസ് തുടക്കംമുതലേ അനാസ്ഥ കാണിച്ചെന്നും വിവരമറിഞ്ഞെത്തിയ കുടുംബാംഗങ്ങളോടും കൊല്ലം മേയറോടും വളരെ മോശമായാണ് പെരുമാറിയതെന്നും ലത്തീഫ് പറഞ്ഞു. മൃതദേഹത്തോടും പോലും നീതികാണിച്ചില്ല. ആശുപത്രിയിലെത്തിയപ്പോൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്നും പിതാവ് പറഞ്ഞു. മരണം നടന്നതിന്റെ തലേദിവസം ഫാത്തിമ മെസ് ഹാളിൽ ഇരുന്ന് കരഞ്ഞിരുന്നതായി ഒരാൾ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ മൊഴി തിരുത്തി. മദ്രാസ് ഐ.ഐ.ടിയിൽ ഭീകരാന്തരീക്ഷമാണുള്ളത്. ഒരു കുട്ടി മരിച്ചുകഴിഞ്ഞാൽ ആ കുട്ടിയുടെ പേരുപോലും അവിടെ ബാക്കിയുണ്ടാവില്ല. മൃതദേഹം കൊണ്ടുപോകുന്നതും വിട്ടുകൊടുക്കുന്നതുമെല്ലാം സ്വകാര്യ ഏജൻസിയാണ്.

ഫാത്തിമയുടെ മരണവിവരം ഐഐടിയില്‍നിന്ന് ഒരാള്‍പോലും തന്റെ വീട്ടുകാരെ വിളിച്ചറിയിച്ചില്ല. കേസിൽ തമിഴ്‌നാട് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തൃപ്തനാണെന്നും ലത്തീഫ് പറഞ്ഞു.