കൽപ്പറ്റ:ശാസ്ത്ര സമൂഹത്തോടൊപ്പം വടക്കൻ ജില്ലയിലെ ജനങ്ങളും കാത്തിരിക്കുകയാണ് ഇൗ മാസം 26 ന് നടക്കുന്ന 'വലയ സൂര്യഗ്രഹണം' കാണാൻ. ഇപ്പോൾ ചന്ദ്രനും ഭൂമിയുമായുള്ള അകലം കൂടുതലായതിനാൽ ഈ ഗ്രഹണത്തിൽ ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്‌ക്കില്ല. അതിനാൽ ചന്ദ്രന്റെ നിഴലിന് ചുറ്റും ഒരു വെള്ളി വലയം ഗ്രഹണസമയത്ത് കാണാം. ഇതാണ് വലയ ഗ്രഹണം.
പൂർണ സൂര്യഗ്രഹണം ഒരു സ്ഥലത്ത് തന്നെ ആവർത്തിക്കാൻ നാനൂറോളം വർഷങ്ങൾ കഴിയും. അതുകൊണ്ടു തന്നെ ഈ വലയ സൂര്യഗ്രഹണം ജീവിതത്തിലെ അപൂർവ്വ കാഴ്ചയാവും.
ഗ്രഹണ സൂര്യനെ നോക്കരുത്
നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണ സൂര്യനെ നോക്കരുത്.
സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്‌മികൾ കണ്ണിൽ കടന്ന് റെറ്റിനയെ പരിക്കേൽപ്പിക്കും. അൾട്രാ വയലറ്റ് രശ്‌മികൾ എപ്പോഴും സൂര്യനിൽ നിന്ന് പ്രവഹിക്കുന്നുണ്ടെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കാനാവാത്തതിനാൽ അപകടകരമായ ഈ രശ്‌മികൾ കണ്ണിലേക്കെത്താറില്ല. ഗ്രഹണ സമയത്ത് സൂര്യന്റെ പ്രകാശിത ഭാഗമായ ഫോട്ടോസ്‌ഫിയർ ചന്ദ്രൻ മറയ്‌ക്കുന്നതിനാൽ ഭൂമിയിൽ എത്തുന്ന വെളിച്ചത്തിന്റെ തീവ്രത വളരെ കുറവായിരിക്കും. അപ്പോൾ വേണമെങ്കിൽ സൂര്യനെ നേരിട്ട് നോക്കാം. അതാണ് അപകടം. അപ്പോൾ നിർബന്ധമായും കറുത്ത പോളിമർ ഫിൽറ്ററിലൂടെ മാത്രമേ സൂര്യനെ നോക്കാവൂ. ജനങ്ങൾക്ക് പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഗ്രഹണം കാണാനുള്ള കണ്ണടകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര സംഘടനകൾ. ലോകത്ത് വിവിധ ഇടങ്ങളിൽ നടക്കുന്ന സൂര്യ ഗ്രഹണങ്ങൾ കാണാനായി രാജ്യങ്ങളും ഭൂഖണ്ഡങ്ങളും താണ്ടി സഞ്ചരിക്കുന്ന 'എക്ക്ലിപ്‌സ് ചേസേഴ്സ്' നമ്മുടെ നാട്ടിലേക്കും എത്തിയേക്കാം.
സൂര്യഗ്രഹണം
26 ന് രാവിലെ 8.05 മുതൽ 11.07 വരെ
വലയഗ്രഹണം 9.26 മുതൽ 9.29 വരെ
വലയം 3 മിനിറ്റ് 8 സെക്കൻഡ് കാണാം
ഗ്രഹണം ആകെ 3 മണിക്കൂറും 2 മിനിറ്റും