തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് കയ്യടി നേടിയ പ്ലസ് ടു വിദ്യാർത്ഥി സഫ ഫെബിനെ അഭിനന്ദിച്ച് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എൽ.എ അഭിന്ദനവുമായി രംഗത്തെത്തിയത്. അതേസമയം വയനാട് എം.പി രാഹുൽ ഗാന്ധിയെ പരിഹസിക്കാനും മുഹ്സിൻ മറന്നില്ല. അമേത്തിയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ എന്നത് വയനാട് എം.പിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകുമെന്ന് മുഹ്സിൻ ഫേസ്ബുക്കിൽ കുറിച്ചു.
'മലയാളത്തിളക്കവും' 'ഹലോ ഇംഗ്ലീഷ്', 'ഉല്ലാസ ഗണിതം' തുടങ്ങി നിരവധിയായ പദ്ധതികളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ജൈവവൈവിധ്യ പാർക്കുകളും 'പാഠം ഒന്ന് പാടത്തേക്ക്', തുടങ്ങിയ പരിപാടികളും സയന്‍സ് ലാബുകളും വൻതോതിലുള്ള പശ്ചാത്തല സൗകര്യത്തിന് കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കുകയും ചെയ്തു, കേരളത്തിലെ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' വ്യത്യസ്തവും ശ്രദ്ധേയവുമാണ്. (പൊതു വിദ്യാഭ്യാസ കാര്യത്തിൽ സർക്കാറിനെ വിമർശിക്കുന്നവർ ഇതര സംസ്ഥാനങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിലൂടെ ഒന്ന് കടന്നു പോയാൽ കാര്യം വ്യക്തമാകും)- മുഹ്സിൻ പറഞ്ഞു.
രാഹുൽ ഗാന്ധിയേയും ഞെട്ടിച്ചാണ് സഫ വേദിയിലെത്തിയത്. മലപ്പുറം കരുവാരക്കുണ്ട് ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ ലാബ് ഉദ്ഘാടനത്തിനിടെയാണ് സംഭവം. പ്രസംഗം തർജമ ചെയ്യാൻ വിദ്യാർത്ഥികളിൽ നിന്ന് ആരെങ്കിലും വരണമെന്ന് രാഹുൽ ആവശ്യപ്പെട്ടപ്പോൾ സഫ ധൈര്യത്തോടെ സ്റ്റേജിലെത്തുകയായിരുന്നു. സ്‌റ്റേജിലേക്ക് കയറിവന്ന സഫയെ ഹസ്തദാനം നൽകിയാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. സഫയുടെ പരിഭാഷ നിറകയ്യടിയോടെയാണ് സദസ്സ് വരവേറ്റത്. സോഷ്യൽ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ് സഫയ്ക്ക് ലഭിക്കുന്നത്.