നൂറുഡോളറിന് തന്നെ ലൈംഗിക അടിമയായി വാങ്ങി ഒരു ദിവസം തന്നെ പല തവണ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത ഐസിസ് ഭീകരെന നേരിൽ കണ്ടപ്പോൾ യസീദി യുവതി അഷ്റഖിന് ദേഷ്യവും രോഷവും അടക്കിവയ്ക്കാനായില്ല. അവളുടെ ചോദ്യത്തിന് മുന്നിൽ അയാൾ ഒന്നുംമിണ്ടാതെ തലകുനിഞ്ഞിരിക്കുകയായിരുന്നു. ഒരിക്കൽ പോലും അവളുടെ മുഖത്തേക്ക് അയാൾ നോക്കിയില്ല.
ഒരിക്കൽ അഷ്റഖിന്റെ ഉടമയായിരുന്നു ഐസിസ് ഭീകരനായ അബു ഹമാം. ഇന്ന് അബു ഹമാം ജയിലിലും അഷ്റഖ് സ്വതന്ത്രയും. ജീവിതത്തിൽ നേരിട്ട ക്രൂരതകൾ എണ്ണിയെണ്ണി അയാളോട് പറഞ്ഞ് അവൾ വിതുമ്പി. ഒടുവിൽ ഭീകരന്റെ മുന്നിൽ തന്നെ കുഴഞ്ഞുവീണു. അപ്പോഴും അയാൾ തല ഉയർത്തിയില്ല.
14-ാം വയസിലാണ് അഷ്റഖ് എന്ന പെൺകുട്ടി ലൈംഗിക അടിമയായി വില്‍ക്കപ്പെടുന്നത്. ഐസിസിൽ പ്രവർത്തിച്ചിരുന്ന അബു ഹാമാം ആണ് അവളെ വാങ്ങി ലൈംഗിക അടിമയാക്കിയത്. ദിവസവും പലതവണയാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വർഷങ്ങൾക്കുശേഷം അഷ്റഖ് മോചിതയായി. അബു ഹമാം ജയിലിലുമായി. ഇപ്പോൾ തടവുശിക്ഷ അനുഭവിക്കുന്ന അബു ഹമാമിനെ കാണാനെത്തിയതാണ് അഷ്റഖ്.
അയാളുടെ മുഖത്തു നോക്കി തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് അവൾ എണ്ണിയെണ്ണി പറഞ്ഞു.‘ എന്റെ 14-ാം വയസിലാണ് നിങ്ങൾ എന്നെ ബലാത്സംഗം ചെയ്യുന്നത്. നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രായം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. നിങ്ങൾഎന്റെ ജീവിതം നശിപ്പിച്ചു. എന്റെ സ്വപ്നങ്ങൾ തകര്‍ത്തു. ഒരിക്കൾഐസിസിന്റെ അടിമയായിരുന്നു ഞാൻ. ഇന്ന് ഞാൻ സ്വതന്ത്രയായപ്പോൾ നിങ്ങൾ ജയിലിലും. ഏകാന്തവാസത്തിന്റെയും പീഡനത്തിന്റെയും അർത്ഥം നിങ്ങൾ അറിയാൻ പോകുന്നതേയുള്ളൂ. നിങ്ങൾക്ക് അല്‍പമെങ്കിലും നാണമുണ്ടായിരുന്നെങ്കിൽ സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത എന്നോട് ക്രൂരത കാണിക്കുമായിരുന്നോ ?’ രോഷത്തോടെ അവൾ ചോദിച്ചു. അബു ഹമാം ഒരു വാക്കുപോലും പറഞ്ഞില്ല. അപ്പോഴേക്കും അഷ്റക് നിലത്തേക്ക് കുഴഞ്ഞുവീണു.
ജയിൽ അധികൃതർ തന്നെയാണ് അഷ്റകിനെ അബു ഹമാമിനെ കാണാൻ സൗകര്യം ഒരുക്കിക്കൊടുത്തത്.
ഇറാഖിലെ ജയിലിലാണ് ഇപ്പോഴയാൾ. ഐസിസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടതിനുശേഷം ഇതാദ്യമായല്ല അഷ്റഖ് അബു ഹമാമിനെ നേരിടുന്നത്. ഭീകര സംഘടനയുടെ പിടിയിൽനിന്ന് ജർമനിയിലേക്ക് രക്ഷപ്പെട്ടതിനുശേഷം ജർമ്മനിയിലെ സ്റ്റുർട്ട്ഗട്ട് നഗരത്തിൽവച്ച് അബു ഹമാം അഷ്റഖിനെ കണ്ടിരുന്നു. അപ്പോഴും അയാൾ അവളെ ഭീഷണിപ്പെടുത്തി. പിന്നീട് അബു ഹമാം ഉൾപ്പെടെയുള്ള തീവ്രവാദികൾ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തു.
ഇറാഖി ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ അഷ്റഖ്, യസീദികളായ തങ്ങളെ ഇറാഖിനെ സിൻജാറിൽനിന്ന് ഐസിസുകാർ എങ്ങനെയാണ് തട്ടിക്കൊണ്ടുപോയതെന്നും വിവരിക്കുന്നുണ്ട്.