ജക്കാർത്ത: വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവാവിന് ജനമദ്ധ്യത്തിൽ ക്രൂരമായ ശിക്ഷ നടപ്പാക്കി. ഇന്തോനേഷ്യയിലെ അചെഹ് പ്രവിശ്യയിലെ യുവാവിനാണ് 100 ചാട്ടവാറി ശിക്ഷ നടപ്പിലാക്കിയത്. വ്യാഴാഴ്ചയാണ് കറുത്ത മുഖം മൂടി ധരിച്ചെത്തിയ ഓഫിസർ ശിക്ഷ നടപ്പാക്കിയത്. വിവാഹിതനാകുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കുറ്റത്തിനാണ് പള്ളിക്ക് മുന്നിൽവെച്ച് 100 ചാട്ടവാറടി ശിക്ഷയായി നൽകിയത്.
യുവാവ് ബോധരഹിതനാകുന്നതുവരെ അടി തുടർന്നു. തളരുമ്പോൾ പ്രാഥമിക ചികിത്സ നൽകി വീണ്ടും ചാട്ടവാറടി തുടരുകയായിരുന്നു. അചെഹ് ശഅരിയാ കോടതിയാണ് വിധി22കാരനായ യുവാവിനെ ശിക്ഷിച്ചത്. അതേസമയം യുവാവിനെ അടിക്കുമ്പോൾ കൂടിനിന്നവർ 'കൂടുതൽ ശക്തിയോടെ' എന്ന് ആർത്തുവിളിച്ചതായി വാർത്താ ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അടിയേറ്റ് ബോധരഹിതനായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
വിവാഹിതരാകുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് മുമ്പും സമാനമായ ശിക്ഷ നൽകിയിരുന്നു. ഭൂരിപക്ഷം മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയിൽ ഇസ്ലാമിക നിയമപ്രകാരം ഭരിക്കുന്ന പ്രവിശ്യയാണ് അചെഹ്. മദ്യപാനം, ചൂതാട്ടം, സ്വവർഗ ലൈംഗികത തുടങ്ങിയ കുറ്റങ്ങൾക്ക് ശരിഅത്ത് നിയമപ്രകാരമാണ് ശിക്ഷ. ഈ ശിക്ഷാ നടപടികൾക്കെതിരെ വിവിധ അന്താരാഷ്ട്ര സംഘടനകൾ രംഗത്തെത്തിയിരുന്നു.