manju-war

തൃശൂർ: നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ സംവിധായകൻ ശ്രീകുമാർ മേനോനെ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രണ്ടു പേരുടെ ജാമ്യത്തിലാണ് വിട്ടത്.

ഇന്നലെ വൈകിട്ട് നാലു മുതലാണ് പൊലീസ് ക്ലബ്ബിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: ശ്രീനിവാസന്റെ നേതൃത്വത്തിൽ ശ്രീകുമാർ മേനോനെ ചോദ്യം ചെയ്തത്. നാലു മണിക്കൂറിലധികം ചോദ്യം ചെയ്തത ശേഷം രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്നുമാണ് മഞ്ജു വാര്യർ ഡി.ജി.പിക്ക് പരാതി നൽകിയത്. താൻ ഒപ്പിട്ട് നൽകിയ രേഖ ദുരുപയോഗം ചെയ്തുവെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്ന് ശ്രീകുമാർ മേനോന്റെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്‌തത്. നാട്ടിൽ ഇല്ലാതിരുന്നതിനാലാണ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ വൈകിയതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസിന് ഹാനി വരുത്തിയതിനുമുള്ള വകുപ്പുകൾ ചേർത്താണ് സംവിധായകനെതിരെ കേസെടുത്തിട്ടുള്ളത്.