അക്കിത്തത്തിന്റെ കാല്പാടുകൾ
1926 മാർച്ച് 18 ന് കുമരനല്ലൂർ അമേറ്റിക്കര അക്കിത്തത്ത് മനയിൽ ജനനം. മാതാപിതാക്കൾ : അക്കിത്തം വാസുദേവൻ നമ്പൂതിരി. ചേകൂർ പാർവതി അന്തർജനം. 12 വയസുവരെ വേദം പഠിച്ചു. പിന്നീട് സംസ്കൃതം, ജ്യോതിഷം, ഇംഗ്ളീഷ്, ഗണിതം, തമിഴ് എന്നിവ പഠിച്ചു.
കുമരനല്ലൂർ സർക്കാർ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർ മീഡിയറ്റിന് ചേർന്നെങ്കിലും പഠനം തുടരാനായില്ല. ചിത്രകലയിലും സംഗീതത്തിലുമായിരുന്നു ചെറുപ്പത്തിൽ താല്പര്യം. എട്ടാം വയസിൽ കവിതയെഴുതാനാരംഭിച്ചു. ഉണ്ണിനമ്പൂതിരി മാസികയുടെ പ്രസാധകൻ, യോഗ ക്ഷേമം വാരികയുടെ സഹപത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1956 മുതൽ 1985 വരെ ആകാശവാണിയിൽ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണ നമ്പൂതിരി സഹോദരൻ
അക്കിത്തത്തിന്റെ പ്രധാന കൃതികൾ
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, പഞ്ചവർണ്ണക്കിളികൾ, മനസാക്ഷിയുടെ പൂക്കൾ, വളകിലുക്കം, അഞ്ചു നാടോടിപ്പാട്ടുകൾ, വെണ്ണക്കല്ലിന്റെ കഥ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, കരതലാമലകം, മനോരഥം, അനശ്വരന്റെ ഗാനം, സഞ്ചാരികൾ, ഒരുകുടന്ന നിലാവ്, മാനസപൂജ, അമൃതഘടിക, ആലഞ്ഞാട്ടമ്മ, ഒരു കുലമുന്തിരിങ്ങ, സമന്വയത്തിന്റെ ആകാശം, സ്പർശമണികൾ, അന്തിമഹാകാലം,കളിക്കൊട്ടിലിൽ, ശ്ളോകപുണ്യം, അക്കിത്തത്തിന്റെ കുട്ടിക്കവിതകൾ, കുതിർന്ന മണ്ണ്, ധർമ്മസൂര്യൻ, കടമ്പിൻപൂക്കൾ.
ജ്ഞാനപീഠത്തിന്റെ തുടക്കം
പരമാര രാജവംശത്തിലെ ഭോജരാജാവിന്റെ കാലത്തുള്ളതെന്ന് (എ.ഡി. 1035) വിശ്വസിക്കപ്പെടുന്ന സരസ്വതി ശില്പമാണ് ജ്ഞാനപീഠത്തിന് പ്രചോദനമായത്.
ഭോജ രാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന ധാര - നഗരിയിൽ നിന്ന് (ഇന്നത്തെ മദ്ധ്യപ്രദേശ്) കണ്ടെത്തിയ സരസ്വതി - കണ്ഠാഭരണ പ്രസാദ് എന്നറിയപ്പെടുന്ന ശില്പം ഇന്ന് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ്. ഇതിന്റെ വെങ്കലപ്പതിപ്പാണ് ഇപ്പോൾ ജ്ഞാനപീഠത്തിനൊപ്പം നൽകുന്നത്.
ജ്ഞാനപീഠം പുരസ്കാര സമിതിയുടെ സ്ഥാപകരായ സാഹു ജെയിൻ കുടുംബം മഥുരയിലെ കങ്കളി സ്തൂപത്തിൽ നിന്നുള്ള ജൈന മത ചിഹ്നങ്ങളും ഇതോടൊപ്പം ചേർത്തു.
മലയാളത്തിലെ പുരസ്കാരങ്ങൾ
സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം.
എഴുത്തച്ഛൻ അവാർഡാണ്.
വയലാർ അവാർഡ് ആദ്യമായി ലഭിച്ചത് ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിക്കാണ്. 1977ൽ.
എഴുത്തച്ഛൻ അവാർഡ് ആദ്യമായി ലഭിച്ചത് ശൂരനാട് കുഞ്ഞൻപിള്ളയ്ക്കാണ് 1993 ൽ
മുട്ടത്തു വർക്കി അവാർഡ് ആദ്യമായി ലഭിച്ചത് ഒ.വി. വിജയൻ - 1992ൽ
മലയാളത്തിൽ ആദ്യമായി ജ്ഞാനപീഠം പുരസ്കാരം നേടിയത് ജി. ശങ്കരക്കുറുപ്പ്.
പ്രധാന വൃത്തങ്ങൾ
മഞ്ജരി : ഗാഥാവൃത്തം എന്നറിയപ്പെടുന്നു
കാകളി : കിളിപ്പാട്ടുവൃത്തം
തുള്ളൽപാട്ട് വൃത്തം : തരംഗിണി
നതോന്നത : വഞ്ചിപ്പാട്ടുവൃത്തം
ദ്രുതകാകളി : പാനാവൃത്തം
മന്ദാക്രാന്ത : സന്ദേശവൃത്തം
വിയോഗിനി : വിലാപവൃത്തം
ഔദ്യോഗിക ഭാഷ
ഹിന്ദിയാണ് ഇന്ത്യയിലെ ഔദ്യോഗിക ഭാഷ. ഭരണഘടനയിലെ 343 (1) വകുപ്പ് അനുസരിച്ചാണ് ദേവനാഗരി ലിപിയിലുള്ള ഹിന്ദിയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്. ഔദ്യോഗികാവശ്യങ്ങൾക്കായി ഇംഗ്ളീഷ് ഉപയോഗിക്കാമെന്ന് വ്യവസ്ഥയുണ്ട്. ജനസംഖ്യയുടെ 41 ശതമാനം പേർ ഹിന്ദി ഉപയോഗിക്കുന്നു.
നിലവിൽ 22 ഔദ്യോഗിക ഭാഷകളാണുള്ളത്.
1967 വരെ 14 ഔദ്യോഗിക ഭാഷകളാണുണ്ടായിരുന്നത്.
ക്ളാസിക്കൽ ഭാഷകൾ
ഇന്ത്യയിൽ ക്ളാസിക്കൽ പദവി ലഭിച്ച ആറു ഭാഷകളുണ്ട്. 2004ൽ തമിഴിന് ക്ലാസിക്കൽ പദവി ലഭിച്ചു. 2005ൽ സംസ്കൃതത്തിനും 2008ൽ കന്നഡയ്ക്കും തെലുങ്കിനും 2013ൽ മലയാളത്തിനും 2014ൽ ഒഡിയക്കും ഈ പദവി ലഭിച്ചു. 1500 - 2000 വർഷങ്ങളോളം പഴക്കമുള്ളതും ആ ഭാഷയിൽ രചിക്കപ്പെട്ട സാഹിത്യം /കൃതികൾ തലമുറകൾ കൈമാറി വന്നതും മൗലികമായ സാഹിത്യ പാരമ്പര്യമുള്ളതും ആധുനിക ഭാഷയിൽ നിന്ന് വ്യത്യസ്തമായതുമായ ഭാഷയ്ക്കാണ് ക്ളാസിക്കൽ പദവി നൽകുന്നത്.
ഇതിനുമുമ്പ് പുരസ്കാരം നേടിയവർ
ജി. ശങ്കരക്കുറുപ്പ്
1965ൽ മലയാളത്തിന്റെ പ്രിയകവി ജി. ശങ്കരക്കുറുപ്പിനാണ് ആദ്യ ജ്ഞാനപീഠം ലഭിച്ചത്. ആ തുകകൊണ്ട് അദ്ദേഹം ഏർപ്പെടുത്തിയതാണ് ഓടക്കുഴൽ അവാർഡ്. ഓടക്കുഴൽ, സൂര്യകാന്തി, വിശ്വ ദർശനം, പഥികന്റെ പാട്ട്, പാഥേയം തുടങ്ങിയവ പ്രധാന കൃതികൾ.
എസ്.കെ. പൊറ്റക്കാട്
രണ്ടാമതായി 1980ൽ എസ്.കെ. പൊറ്റക്കാട് ജ്ഞാനപീഠമേറി. സഞ്ചാര സാഹിത്യത്തിലും നോവലിലും ഒരേപോലെ തിളങ്ങി. ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, വിഷകന്യക, പുള്ളിമാൻ, ബാലിദ്വീപ്, പാതിരാ സൂര്യന്റെ നാട്ടിൽ, കാപ്പിരികളുടെ നാട്ടിൽ തുടങ്ങിയവ പ്രധാന കൃതികൾ.
തകഴി ശിവശങ്കരപ്പിള്ള
1984ൽ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ചു. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന തകഴിയുടെ പ്രധാന കൃതികൾ. ചെമ്മീൻ, കയർ, വെള്ളപ്പൊക്കത്തിൽ, ഏണിപ്പടികൾ, രണ്ടിടങ്ങഴി, അനുഭവങ്ങൾ പാളിച്ചകൾ,
എം.ടി. വാസുദേവൻ നായർ
1995ലാണ് എം.ടി. വാസുദേവൻ നായർക്ക് ജ്ഞാനപീഠം ലഭിച്ചത്. വിവിധ രംഗങ്ങളിൽ തിളങ്ങിയ പ്രിയ കഥാകൃത്തും സംവിധായകനും, രണ്ടാമൂഴം, നാലുകെട്ട്, കാലം, ആൾക്കൂട്ടത്തിൽ തനിയെ, വാരാണസി, മഞ്ഞ് തുടങ്ങിയ പ്രധാന കൃതികൾ. തിരക്കഥാകൃത്ത്, സംവിധായകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ഹസ്തമുദ്ര പതിപ്പിച്ചു.
ഒ.എൻ.വി കുറുപ്പ്
2007ൽ ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം ലഭിച്ചു. മലയാളത്തിന്റെ പ്രിയകവിയും ഗാന രചയിതാവുമായിരുന്ന ഒ.എൻ.വി കവിതയെ ജനകീയമാക്കി. ഉപ്പ്, ഉജ്ജയിനി, മയിൽപ്പീലി, ശാർങ്ഗകപ്പക്ഷികൾ ,ഭൂമിക്കൊരു ചരമഗീതം തുടങ്ങിയവ പ്രധാന കൃതികൾ. എണ്ണമറ്റ സിനിമകൾക്കും നാടകങ്ങൾക്കും വേണ്ടി ഗാനങ്ങളെഴുതി.