ഹൈദരാബാദ്: 26കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
നവംബർ 28ന് ആണ് വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്‌നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. പ്രതികളായ നാല് പേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവരുടെ മൃതദേഹം ഷാദ്‌നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡോക്ടറുടെ സ്‌കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കുകയും സ്‌കൂട്ടർ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ലോറി തൊഴിലാളികളാണെന്ന് കണ്ടെത്തി. പിന്നീട് ഇവരെ സൈബർ പൊലീസിന്റെ സഹായത്തിൽ വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധഭാഗത്ത് നിന്ന് വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.