ലോക സിനിമയിലെ പുതിയ മാറ്റങ്ങളും പ്രവണതകളും അടയാളപ്പെടുത്തിക്കൊണ്ട് ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. പതിനഞ്ച് വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇതിൽ 53 സിനിമകളുടെ ആദ്യപ്രദർശനത്തിനാണ് മേള സാക്ഷിയാകുന്നത്. ലോകസിനിമ, മത്സരവിഭാഗം, കണ്ടമ്പററി മാസ്റ്റേഴ്സ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോൾ തിരഞ്ഞെടുത്ത 15 ചിത്രങ്ങളിലൂടെ
ഡീപ് വെൽ
മനുഷ്യന്റെ ദുരയും ആർത്തിയും പ്രതികാരവും ഗ്രാമീണ ജീവിത പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് ഷനാബെക് ഷെറ്റിറോവ് സംവിധാനം ചെയ്ത ഡീപ് വെൽ. ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഈ കസാഖിസ്ഥാൻ ചിത്രം പ്രദർശിപ്പിക്കുന്നത്. ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ പുരസ്‌കാരം നേടിയിട്ടുണ്ട്.
മെയ്ഡ് ഇൻ ബംഗ്ലാദേശ്
തൊഴിൽരംഗത്തെ നീതിയില്ലായ്മയും നീതിക്കു വേണ്ടിയുള്ള പോരാട്ടവും പ്രമേയമാകുന്ന ബംഗ്ലാദേശി ചിത്രം. ലോകസിനിമാ വിഭാഗത്തിലാണ് മെയ്ഡ് ഇൻ ബംഗ്ലാദേശിന്റെ പ്രദർശനം. ശ്രദ്ധേയയായ ബംഗ്ലാദേശി യുവ സംവിധായിക റുബായത്ത് ഹുസൈൻ സംവിധാനം ചെയ്ത ചിത്രം ലോകത്തെവിടെയും പ്രസക്തമായ തൊഴിൽരംഗത്തെ പ്രതിസന്ധിയും മാനേജ്‌മെന്റ് നയങ്ങളും അതിനെതിരെയുള്ള പോരാട്ടവും വിഷയമാക്കുന്നു.
ജസ്റ്റ് 6.5
മയക്കുമരുന്ന് വ്യാപാരവും അതുമൂലം തകരുന്ന സാമൂഹികാവസ്ഥയും വിഷയമാക്കുന്ന ഇറാനി ചിത്രമാണ് ജസ്റ്റ് 6.5. സയീദ് റൊസ്‌തേ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രസക്തമായ സാമൂഹികവിഷയം അവതരിപ്പിച്ചുകൊണ്ടാണ് മേളയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാകുന്നത്. വെനീസ് മേളയിലടക്കം പുരസ്‌കാരം നേടിയിട്ടുണ്ട്.
ഹൈഫ സ്ട്രീറ്റ്
മുഹമ്മദ് ഹയാൽ സംവിധാനം ചെയ്ത ഇറാഖ്-ഖത്തർ സംയുക്ത സംരംഭമായ ഹൈഫ സ്ട്രീറ്റ് ഒരു കൊലപാതകത്തിലൂന്നിക്കൊണ്ട് വ്യക്തിയിലേക്കും കൊലയിലേക്കു നയിച്ച കാരണങ്ങളിലേക്കുമുള്ള അന്വേഷണമാണ്. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടുള്ള ഹൈഫ സ്ട്രീറ്റ് ആഖ്യാനത്തിലെ മികവും വേഗവും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
എ ടെയ്ൽ ഒഫ് ത്രീ സിസ്റ്റേഴ്സ്
കാൻ, മോൺട്രിയൽ, സൂറിച്ച് മേളകളിൽ പുരസ്‌കാരം നേടിയിട്ടുള്ള എമിൽ ആർപറിന്റെ ടർക്കിഷ് ചിത്രം. സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയും അന്തിമ തീരുമാനങ്ങളുടെ കർത്താവായി എപ്പോഴും പുരുഷൻ മാറുന്ന ജീവിതാവസ്ഥയും മൂന്നു സഹോദരിമാരിലൂടെ അവതരിപ്പിക്കുന്നു.
ഡസ്‌പൈറ്റ് ദി ഫോഗ്
മെച്ചപ്പെട്ട ജീവിതം തേടിയുള്ള മനുഷ്യരുടെ പലായനവും അസ്ഥിത്വ പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഇറ്റാലിയൻ ചിത്രം. ഗോവൻ ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ഗൊരാൻ പാസ്‌ജെവികിന്റെ ഡസ്‌പൈറ്റ് ദി ഫോഗ് ആഗോള പ്രസക്തമായ മാനുഷിക പ്രശ്നം കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രത്യേകത.
ഡീഗോ മറഡോണ
ലോകത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ഫുട്‌ബോൾ ജീനിയസായ ഡീഗോ മറഡോണയുടെ ഫുട്‌ബോൾ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ചിത്രം. ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രം ബാഴ്സിലോണ, നേപ്പിൾസ് ക്ലബ്ബുകളിൽ മറഡോണ കളിക്കുന്ന കാലത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത്. കാൻ ഫെസ്റ്റിവെലിൽ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ സംവിധായകൻ ആസിഫ് കപാഡിയയാണ്.
ബീൻപോളെ
ദി അൺവുമൺലി പ്രൈസ് ഒഫ് വാർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ റഷ്യൻ സിനിമ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള സോവിയറ്റ് യൂണിയനിലെ ജീവിതമാണ് കാന്റെമിർ ബലഗോവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം. വ്യക്തിസംഘർങ്ങളിലൂന്നി കഥപറയുന്ന ചിത്രം കാൻ ഫെസ്റ്റിവെലിൽ മികച്ച ഡയറക്ടർ, ഫിപ്രസി പുരസ്‌കാരങ്ങൾ നേടി.
പാരസൈറ്റ്
തൊഴിലില്ലായ്മയും കുടുംബങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരവും മറികടന്ന് ജീവിക്കാൻ വേണ്ടി എന്തും ചെയ്യുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ സാമൂഹികജീവിതത്തിന്റെ സമകാലികാവസ്ഥ പ്രമേയമാക്കുന്ന കൊറിയൻ ചിത്രമാണ് ബോംഗ് ജൂൻ ഹൂ സംവിധാനം ചെയ്ത പാരസൈറ്റ്. കാൻ മേളയിൽ ഏറവും മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ നേടിയ ചിത്രം ലോകസിനിമാ വിഭാഗത്തിലാണ് എെ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്നത്.
കമ്മിറ്റ്മെന്റ്
സ്ത്രീ, അമ്മ എന്നീ നിലകളിലുള്ള അവസ്ഥകളിലെ സങ്കീർണതകൾ രണ്ടു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ടർക്കിഷ് ചിത്രം. വ്യക്തികേന്ദ്രീകൃത സംഘർഷങ്ങൾ പ്രമേയമാക്കുന്നതിലൂടെ എവിടെയും സംഭവിക്കാവുന്ന ജീവിതാവസ്ഥകളിലൂടെ സഞ്ചരിക്കുകയാണ് ബാഗിലിക് അസ്ലിയുടെ കമ്മിറ്റ്മെന്റ്.
എ ഡാർക്ക് ഡാർക്ക് മാൻ
ആദിൽഖാൻ യെർസനോവ് സംവിധാനം ചെയ്ത മർഡർ ഇൻവെസ്റ്റിഗേഷൻ കാറ്റഗറിയിലുള്ള കസാഖ് ചിത്രം. ആഖ്യാനത്തിലെ സവിശേഷതയും വേഗവും കൊണ്ട് കാണികളെ പിടിച്ചിരുത്താൻ ശേഷിയുള്ള ചിത്രം.
ബക്കുറോ
ക്ലെബർ മെണ്ടോൻകാ ഫിൽഹോയും ജൂലിയാനോ ഡോർനെലെസും ചേർന്ന് സംവിധാനം ചെയ്ത ബ്രസീലിയൻ സോഷ്യോ-ഫാന്റസി ചിത്രം. ബക്കുറോ എന്നത് സങ്കല്പ ഗ്രാമമാണ്.
എബൗട്ട് എൻഡ്ലെസ്നെസ്
പ്രമുഖ സ്വീഡിഷ് സംവിധായകൻ റോയ് ആൻഡേഴ്സന്റെ ഏറ്റവും പുതിയ ചിത്രം. ആയിരത്തൊന്നു രാവുകളിലെ കഥ പറച്ചിൽ ശൈലിയിൽ സമകാലിക സംഭവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം വെനീസ്, ടൊറാന്റോ ഫെസ്റ്റിവെലുകളിൽ അംഗീകാരം നേടി.
മൈ ഡിയർ ഫ്രണ്ട്
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചൈനീസ് ചിത്രം.യാങ് പിങാദോ സംവിധാനം ചെയ്ത സിനിമ സർറിയലിസത്തിന്റെ ഹിപോനോട്ടിക് നിഗൂഢത നിറഞ്ഞ കാലിഡോസ്കോപ് എന്ന വിശേഷണത്തിന് അർഹമാണ്.
കാസിൽ ഒഫ് ഡ്രീംസ്
ബന്ധങ്ങളടെ തീവ്രത ആവിഷ്കരിക്കുന്ന റേസാ മിർകരീമിയുടെ ഇറാനി ചിത്രം. ഒരു കുടുംബാന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ചിത്രം മാതാപിതാക്കളുടെ സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന നിഷ്കളങ്ക ബാല്യങ്ങളെ അടയാളപ്പെടുത്തുന്നു.
( തയ്യാറാക്കിയത്. എൻ.പി.മുരളീകൃഷ്ണൻ )