മരണപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകത്താണ് ജസ്റ്റ് എന്ന 'പാതി'മനുഷ്യൻ കഴിയുന്നത്. മരണപ്പെട്ടവരെ മോക്ഷപ്രാപ്തിയിലേക്കും മറ്റൊരു ജീവിതത്തിലേക്കും നയിക്കാൻ നിയോഗിക്കപ്പെട്ട അയാളുടെ ജീവിതം മാറിമറിയുന്നു. ക്രമേണ ജീവിച്ചിരിക്കുന്നവരുടെ ലോകത്തുനിന്നും അയാൾ പുറന്തള്ളപ്പെടുകയാണ്. ജീവിതവും പ്രണയവും മരണവും ഇഴപിരിച്ചെടുക്കാൻ പറ്റാത്ത രീതിയിൽ കൂടിപിണഞ്ഞു കിടക്കുകയാണ് 'ബെർണിംഗ് ഗോസ്റ്റ്' എന്ന ഈ ഫ്രഞ്ച് ചിത്രത്തിൽ.
ഇതേ മട്ടിൽ തന്നെയാണ് യഥാർത്ഥവും അയർഥാര്ഥവും തമ്മിലുള്ള ബന്ധത്തെ ചിത്രം നോക്കി കാണുന്നത്. ജീവിച്ചിരിക്കുന്നവരുടെ ലോകത്തുനിന്നും അകന്നുപോയെങ്കിലും ജന്മങ്ങൾക്കിപ്പുറവും തന്റെ പ്രിയപ്പെട്ടവളായി തുടരുന്ന അഗതയെ ജസ്റ്റ് പ്രണയിക്കുന്നത് ഒരു സ്വപ്നത്തിന്റെയോ ഓര്മയുടെയോ അവശേഷിപ്പിലൂടെയാണ്. അഗതയും അതുപോലെ തന്നെ. മരണത്തിന്റെ വിസ്‌മൃതിയിൽ പെട്ടുപോയ തന്റെ പ്രിയപ്പെട്ടവനെ അഗത ഓർത്തെടുക്കുന്നത് ഏതോ ഒരു ജന്മത്തിൽ അവൻ തനിക്ക് സമ്മാനിച്ച ഒരു ഓർമതുണ്ടിലൂടെയാണ്. മാജിക്കൽ റിയലിസം എന്ന് വിളിക്കാവുന്ന ഒരു ശൈലിയാണ് സ്റ്റെഫനി ബത്തൂത് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത്.
ദൃശ്യങ്ങൾക്കല്ല കഥയ്ക്കും കഥനരീതിക്കുമാണ് സംവിധായിക ഇവിടെ പ്രാമുഖ്യം നൽകിയിരിക്കുന്നത് മുഖ്യകഥാപാത്രമായ ജസ്റ്റ് ധരിച്ചിരിക്കുന്ന നക്ഷത്രങ്ങൾ തുന്നിപ്പിടിപ്പിച്ച ഓവർകോട്ടിൽ പോലും ഈ മാജിക്കൽ റിയലിസ്റ്റ് സ്വഭാവത്തിന്റെ സാന്നിദ്ധ്യം നമ്മുക്ക് കാണാനാകും. യാഥാർഥ്യത്തിലേക്കും അയഥാർഥ്യത്തിലേക്കും സ്വപ്നസാദൃശ്യമായ അന്തരീക്ഷങ്ങളിലേക്കും അനായാസമായി സഞ്ചരിക്കുന്ന ചിത്രം പ്രേക്ഷകനിൽ അവശേഷിപ്പിക്കുന്നത് മധുരവിഷാദമായ ഒരു അനുഭൂതിയാണ്. പതിഞ്ഞ താളത്തിൽ നീങ്ങുന്ന ചിത്രം കാണികളോട് ക്ഷമ ആവശ്യപ്പെടുന്നുണ്ട്.