consumer-confidence

 ഉപഭോക്തൃ ആത്മവിശ്വാസം 5 വർഷത്തെ താഴ്‌ചയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി അധികാരത്തിലേറിയ ശേഷമുള്ള ഏറ്റവും താഴ്‌ന്ന തലത്തിലേക്ക് ഇന്ത്യൻ ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഇടിഞ്ഞുവെന്ന് റിസർവ് ബാങ്കിന്റെ കൺസ്യൂമർ കോൺഫിഡൻസ് സർവേ റിപ്പോർട്ട്. കൺസ്യൂമർ സിറ്റുവേഷൻ ഇൻഡ‌ക്‌സ് നവംബറിൽ 85.7 പോയിന്റിലേക്കാണ് താഴ്‌ന്നത്. 2014ന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കാണിത്.

രാജ്യത്തെ 13 വലിയ നഗരങ്ങളിലായി 5,334 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് റിസർവ് ബാങ്ക് സർവേ സംഘടിപ്പിച്ചത്. പോയിന്റ് 100ന് താഴെയാണെങ്കിൽ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നഷ്‌ടപ്പെട്ടു എന്നാണ് വിലയിരുത്തൽ. ഉപഭോക്തൃ ആത്മവിശ്വാസം നഷ്‌ടപ്പെടുന്നത് വിപണിയിൽ വില്പനമാന്ദ്യം സൃഷ്‌ടിക്കും. ഈ പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്. ജൂലായിൽ 95.7, സെപ്‌തംബറിൽ 89.4 എന്നിങ്ങനെയായിരുന്നു പോയിന്റ്.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയിൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നു എന്ന സൂചന കൂടിയാണ് ഉപഭോക്തൃ ആത്മവിശ്വാസത്തിലെ ഇടിവ് നൽകുന്നത്.