nhrc

ഹൈദരാബാദ്: ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിനായി ഒരു സംഘത്തെ തെലങ്കാനയിലേക്ക് അയയ്ക്കുമെന്ന് മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കി. അന്വേഷണ കമ്മിഷൻ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഇത് ഉത്കണ്ഠ ഉയർത്തുന്ന വിഷയമാണെന്നും സൂഷ്മമായി അന്വേഷിക്കേണ്ടതുണ്ടെന്നും മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞു. സീനിയർ സൂപ്രണ്ട് ഒഫ് പൊലീസാണ് സംഘത്തെ നയിക്കുന്നത്. അന്വേഷണ സംഘം എത്രയും പെട്ടെന്ന് ഹൈദരാബാദിൽ എത്തിച്ചേരും. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതാണ്. അവർ കുറ്റസമ്മതം നടത്തിയതാണെങ്കിൽ നിയമം അനുസരിച്ചുള്ള ശിക്ഷ അവർക്ക് നൽകേണ്ടതായിരുന്നു - മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മിഷനും രംഗത്തെത്തി. ഒരു സാധാരണ പൗര എന്ന നിലയിൽ ഈ നടപടിയിൽ സന്തോഷമുണ്ടെന്നും എന്നാൽ നിയമനടപടികളിലൂടെയായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നതെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.