കൊളത്തൂർ : ബേഡഡുക്ക പഞ്ചായത്തിലെ മൂന്നാം വാർഡിലെ കൊളത്തൂരിൽ പൊതുജനങ്ങളോട് അടുപ്പം സൂക്ഷിക്കുവാനായുള്ള ജനമൈത്രി പൊലീസിന്റെ ഗൃഹസന്ദർശന പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി ബേക്കറി നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന വീട് കണ്ടത്. തമിഴ്നാട് സ്വദേശികൾ എടുത്ത വീടാണെന്ന് അറിഞ്ഞതോടെ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പിന്നാലെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെയും കൂട്ടി നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത് കേടായ ബേക്കറി ഉത്പന്നങ്ങൾ വീണ്ടും പുതുക്കി വിൽപ്പന നടത്തുന്ന യൂണിറ്റാണ്. പരിശോധന നടത്താനായി ഉദ്യോഗസ്ഥർ എത്തിയ സമയത്ത് കേടായ മിക്ചർ വീണ്ടും പുതുക്കി പാക് ചെയ്യുകയായിരുന്നു. ഇരുപത്തിമൂന്ന് കിലോ മിക്ചർ ഇവിടെ നിന്നും കണ്ടെടുത്തു. ഇതു കൂടാതെ പഴകിയ ഭക്ഷ്യഎണ്ണയും മറ്റു ബേക്കറി ഉത്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. ആരോഗ്യ വകുപ്പു കേസെടുക്കുകയും ബേക്കറി ഉടമകളായ സെൽവൻ, മായൻ എന്നിവർക്കു പിഴ ചുമത്തുകയും ചെയ്തു.