ന്യൂഡൽഹി:ഗുജറാത്തിൽ നടന്ന ഏറ്റുമുട്ടൽ കൊലകൾ രാജ്യത്ത് വിവാദങ്ങൾക്കും ചർച്ചകൾക്കും വർഷങ്ങൾ നീണ്ട നിയമ യുദ്ധങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം 2004-ൽ നടന്ന ഇസ്രത്ത് ജഹാൻ കേസും 2005-ൽ നടന്ന സൊറാഹ്‌ബുദ്ദീൻ ഷേക്ക് കേസുമാണ്.
ഇസ്രത്ത് ജഹാൻ (2004)
അഹമ്മദാബാദ് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഇസ്രത്ത് ജഹാൻ ഉൾപ്പെടെ 4 പേരെ 'പൊലീസ് ഏറ്റുമുട്ടൽ" വ്യാജമായി സൃഷ്ടിച്ച് വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ അന്വേഷണത്തിന്റെ ആദ്യഘട്ടിൽ ആരോപിച്ചത്. മുസ്ളിം തീവ്രവാദികൾ എന്ന സംശയത്തിലാണ് 4 പേരെയും പിടികൂടിയതും വധിച്ചതും.
ഇസ്രത്ത് ജഹാൻ (19), ജാവേദ് ഗുലാ ഷേക്ക് (പ്രാണേഷ് പിള്ള), അംജത് അലി റാണ, ശേഷൻ ജോഹർ എന്നിവരാണ് കൊല്ലപ്പെട്ടത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢപദ്ധതിയുമായാണ് മഹാരാഷ്ട്രയിൽ നിന്ന് ഇവർ അഹമ്മദാബാദിൽ എത്തിയതെന്നും പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പല മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുവരികയും കേസിൽ കക്ഷികളാവുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണർ ധനഞ്ജയ് വൻസാര, അസിസ്റ്റന്റ് കമ്മിഷണർ ഗിരീഷ് ലക്ഷ്മൺ സിംഗാൾ എന്നിവരായിരുന്നു പ്രധാന പ്രതികൾ. വൻസാര പിന്നീട് ജയിലിലാവുകയും ചെയ്തു. കേസ് ഇപ്പോഴും സുപ്രീംകോടതിയിൽ തുടരുകയാണ്.
സൊറാബുദ്ദീൻ (2005)
സൊറാബുദ്ദീൻ 2005 നവംബർ 26നാണ് 'പൊലീസ് ഏറ്റുമുട്ടലിൽ" കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രതികളായ പൊലീസുകാർ ഉൾപ്പെടെ 22 പേരെ സി.ബി.ഐ സ്പെഷ്യൽ കോടതി വെറുതേ വിട്ടിരുന്നു. സൊറാബുദ്ദീന്റെ ഭാര്യയെയും അന്നേദിവസം മുതൽ കാണാതായിരുന്നു. തീവ്രവാദ സംഘടനയായ ലെഷ്‌കർ ഇ തെയ്‌ബയിലെ അംഗമാണ് സൊറാബുദ്ദീൻ എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. സൊറാബുദ്ദീനും ഭാര്യ കൗസർ ബിയും കൊല്ലപ്പെട്ടതിന്റെ അടുത്ത വർഷം അതേ ദിവസം ഷെയ്‌ക്കിന്റെ സുഹൃത്തായിരുന്ന തുളസീറാം പ്രജാപതിയും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളിൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായതോടെ കേസ് ദേശീയ ശ്രദ്ധ നേടി. കേസ് അനുകൂലമാക്കി മാറ്റുന്നതിന് സി.ബി.ഐ ജഡ്ജി ബി.എച്ച്. ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവും തുടർന്ന് ഹൃദയാഘാതത്താൽ ലോയ മരണമടഞ്ഞതും വിവാദ സംഭവങ്ങളായി മാറിയിരുന്നു.
ഒരു ബസിൽ യാത്ര ചെയ്തിരുന്ന സൊ റാബുദ്ദീനെയും ഭാര്യയെയും പൊലീസ് പിടിച്ചിറക്കുകയും ഭാര്യയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനു ശേഷം സൊറാബുദ്ദീനെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
2006-ൽ ചില ഇൻസ്പെക്ടർമാർ മദ്യലഹരിയിൽ ഗുജറാത്തി പത്രമായ ദൈനിക് ഭാസ്ക്കറിന്റെ പത്രലേഖകൻ പ്രശാന്ത് ദയാലിനോട് എല്ലാം വെളിപ്പെടുത്തിയും തുടർന്ന് വാർത്ത വന്നതുമാണ് സംഭവം ആളിപ്പടരാൻ ഇടയാക്കിയത്.
തെളിവിന്റെ അഭാവത്തിൽ 2014-ൽ സി.ബി.ഐ പ്രത്യേക കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. വൻസാരയും ഈ കേസിൽ പ്രതിയായിരുന്നു. അയാളെയും വെറുതേ വിട്ടു.