വിശ്വനാഥ് ചന്നപ്പ സജ്ജനാർ
സൈബരാബാദ് മെട്രോപൊലീറ്റൻ പൊലീസ് കമ്മിഷണർ
1996 ബാച്ചിലെ ഐ.ജി റാങ്കിലുള്ള ഐ.പി.എസ് ഓഫീസർ
ഹൈദരാബാദ്: വി.സി. സജ്ജനാർ ചുമതലയിലിരിക്കുമ്പോൾ ഏറ്റുമുട്ടൽ കൊല നടക്കുന്നത് ഇത് രണ്ടാം വട്ടം. 2008 ഡിസംബറിൽ ആന്ധ്രയിലെ വാറങ്കലിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോൾ വാറങ്കൽ എസ്.പിയായിരുന്നു സജ്ജനാർ. ആസിഡ് ശരീരത്തിൽ വീണ ഒരു പെൺകുട്ടി മരിച്ചു.ആസിഡ് ആക്രമണം നടത്തിയ എൻജിനിയറിംഗ് വിദ്യാർത്ഥികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരാണ് അന്ന് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം.
തെളിവെടുപ്പിനിടെ പ്രതികൾ പെട്ടെന്ന് ഒരു നാടൻ തോക്ക് പുറത്തെടുക്കുകയും വെടിയുതിർക്കാൻ ശ്രമിക്കുകയും ഒരു പോലീസുകാരനു നേരെ ആസിഡ് ആക്രമണം നടത്തുകയും ചെയ്‌തെന്നായിരുന്നു പോലീസ് ഭാഷ്യം. സ്വയരക്ഷയ്ക്കുവേണ്ടി പോലീസ് വെടിയുതിർക്കുകയും മൂന്നുപേരെയും വധിക്കുകയും ചെയ്തു എന്നാണ് അന്ന് സജ്ജനാർ പറഞ്ഞത്.
എന്നാൽ, പോലീസ് പ്രതികളായ യുവാക്കളെ ആസൂത്രിതമായി വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പോലീസ് ഇവരെ വധിക്കുകയായിരുന്നെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.
നക്‌സലൈറ്റുകളെ നേരിടുന്നതിനുള്ള പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നപ്പോഴും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ഹൈദരാബാദിൽ നയീമുദ്ദീൻ എന്ന നക്‌സലൈറ്റിന്റെ ഏറ്റുമുട്ടൽ കൊലപാതകത്തിലും വി.സി. സജ്ജനാർ പ്രധാന പങ്കുവഹിച്ചിരുന്നതായാണ് റിപ്പോർട്ട്.
വാറങ്കലിൽ പ്രതികളെ വെടിവെച്ചു കൊന്നതിന്റെ പേരിൽ സജ്ജനാർക്ക് അനുകൂലമായി നിരവധി പേരാണ് രംഗത്തെത്തിയത്. പലയിടത്തും ഇദ്ദേഹത്തിന് സ്വീകരണവും ലഭിച്ചു. അന്നു വാറങ്കലിൽ ഹീറോ ആയിരുന്നു സജ്ജനാർ. നൂറുകണക്കിനു വിദ്യാർത്ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസിൽ എത്തിയിരുന്നത്. വിവിധയിടങ്ങളിൽ സജ്ജനാറിനെ മാലയിട്ടു വിദ്യാർത്ഥികൾ സ്വീകരിച്ചു.