encounter
All 4 accused in Hyderabad gang-rape, murder shot dead in police encounter

ഹെെദരാബാദ്:പീഡന കേസിലെ നാലു പ്രതികളും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ രാജ്യം രണ്ടുതട്ടിലാണ്. പൊലീസ് പ്രവൃത്തിയെ ന്യായീകരിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ, ബോളിവുഡ് നടൻ ഋഷി കപൂർ ഉൾപ്പെടയുള്ളവരും പൊലീസ് നടപടിയെ ന്യായീകരിച്ചു.‘ ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്ക് വധശിക്ഷ ലഭിക്കണമെന്നാണ് എക്കാലത്തെയും ആവശ്യം. എന്നാൽ അതു കൃത്യമായ നിയമ നടപടികളിലൂടെ ആകണം. പൊലീസ് നടപടി ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല.’ രേഖ ശർമ പറഞ്ഞു.

അതേസമയം, പൊലീസിനെ വിമർശിച്ചും നിരവധി പേരെത്തി. ‘ ബലാത്സംഗം ഗുരുതരമായ കുറ്റമാണ്. അതു നിയമ വ്യവസ്ഥ പ്രകാരം കർശനമായി കൈകാര്യം ചെയ്യേണ്ടതാണ്. ഈ ദുഷ്പ്രവൃത്തിയിൽ കുറ്റാരോപിതർ ആരാണെന്നു ഞാൻ പറയുന്നില്ല. എങ്കിലും ‘ഏറ്റുമുട്ടൽ’ കൊലപാതകങ്ങൾ നമ്മുടെ വ്യവസ്ഥിതിയെ ബാധിക്കുന്ന ഒന്നാണ്. പെട്ടെന്നു നീതി ലഭിക്കാനുള്ള ത്വര ഞാൻ മനസിലാക്കുന്നു. എന്നാൽ ഇത് അങ്ങനെയല്ല.’ – മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ട്വിറ്ററിൽ കുറിച്ചു.

മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറും പൊലീസ് നടപടിയെ അപലപിച്ചു. ‘ ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. സ്ത്രീകൾ തുല്യരും സ്വതന്ത്രരുമായ പൗരന്മാരായി ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ പേരിൽ ഭരണകൂടം ചെയ്യുന്ന ക്രൂരകൃത്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല.’ – വ്യന്ദ പറഞ്ഞു. നിരവധി മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. #HumanRights എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്