ഹൈദരാബാദ്: അനുദിനം ക്രൂരബലാത്സംഗ വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ജനവികാരം കണക്കിലെടുത്ത് പോലീസ് ഒരുക്കിയ തിരക്കഥയായിരുന്നു ഹൈദരാബാദിലെ ഏറ്റുമുട്ടലെന്ന സംശയം ഉയരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടാകുന്നത് എന്നാണ് പോലീസിന്റെ ഭാഷ്യം.
സംഭവസ്ഥലത്തു നിന്നും നാല് പേരുടേയും മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ഇവരുടെ ശരീരത്തിൽ ഏത് തരം മുറിവുകളാണ് ഉണ്ടായത് എന്ന കാര്യത്തിൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു എന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.