രാഷ്ട്രീയ നിലപാടുകൾ ചർച്ച ചെയ്യുന്ന ചലച്ചിത്രങ്ങൾ പലപ്പോഴും കഥയിൽ നിന്നും ആഖ്യാനത്തിൽ നിന്നും തെന്നിമാറിക്കൊണ്ട് ഈ നിലപാടുകൾ മാത്രം പ്രേക്ഷകനിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് നാം കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോൾ സിനിമ ആത്യന്തികമായി കഥപറച്ചിലാണ് എന്ന വസ്തുതയാണ് വിസ്മരിക്കപ്പെടുന്നത്. എന്നാൽ റുബയാത്ത് ഹുസ്സൈൻ സംവിധാനം ചെയ്ത ബംഗ്ലാദേശി ചിത്രമായ, 'മേഡ് ഇൻ ബംഗ്ലാദേശ്' ഈ പരിമിതിയെ അനായാസം മറികടക്കുന്നു. ഒരു വസ്ത്ര നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഷിമു തന്റെ ശമ്പളം കൊണ്ടു മാത്രമാണ് തൊഴിൽരഹിതനായ തന്റെ ഭർത്താവുൾപ്പെടുന്ന കുടുംബത്തെ നടത്തികൊണ്ട് പോകുന്നത്.
ഒരിടയ്ക്ക് ഫാക്ടറിയിൽ ഉണ്ടാകുന്ന ഒരപകടം ഷിമുവിനേയും മറ്റ് സ്ത്രീ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു. അധികസമയം ജോലി ചെയ്ത ഇവർക്ക് അർഹമായ ശമ്പളം നൽകാതെ ഫാക്ടറിയുടെ മാനേജ്‌മെന്റ് കബളിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒരുമിച്ച് നിന്ന് പോരാടുകയാണ് തങ്ങൾക്ക് മുൻപിലുള്ള ഏക വഴി എന്ന് ഷിമു മനസിലാക്കുന്നു. ശേഷം കമ്പനിയുടെയും സർക്കാരിന്റെയും തന്റെ ഭർത്താവിന്റെ പോലും എതിർപ്പുകൾ മറികടന്ന് ഷിമു പോരാടാൻ തീരുമാനിക്കുകയാണ്. ഫെമിനിസം എന്നത് ഒരു വരേണ്യ പ്രത്യയശാസ്ത്രമാണെന്നും സമൂഹത്തിന്റെ താഴെക്കിടയിലുള്ള സ്ത്രീകൾക്കിടയിൽ അതിന് നിലനില്പില്ലെന്നുമുള്ള വാദങ്ങളെ പൊളിച്ചടുക്കുകയാണ് 'മേഡ് ഇൻ ബംഗ്ലാദേശ്' ചെയ്യുന്നത്.
ആർജവവും കരുത്തുമുള്ള സ്ത്രീകൾ തങ്ങൾക്ക് മേലുള്ള അടിച്ചമർത്തലുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതോടെയാണ് ലിംഗസമത്വം സാധ്യമാകുക. ചിത്രത്തിന്റെ ഓരോ സീനിലും ഒളിഞ്ഞും തെളിഞ്ഞും ബംഗ്ലാദേശിന്റെ പൊതുബോധത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള പിതൃമേധാവിത്തത്തിന്റെ പിടിമുറുക്കലുകൾ കാണാൻ സാധിക്കും. തന്റെ ഭാര്യയെ 'മാന്യസ്ത്രീ' ആക്കുന്നതിനായി അവളെ ബുർഖ ധരിപ്പിക്കുന്ന ഷിമുവിന്റെ ഭർത്താവും അർഹമായ കൂലി ആവശ്യപ്പെടുന്ന സ്ത്രീ തൊഴിലാളിയെ കൈയേറ്റം ചെയ്യുന്ന ഫാക്ടറി സൂപ്പർവൈസറും സ്ത്രീയെ അടക്കി ഭരിച്ച് കാര്യം നേടുന്ന പുരുഷ മനസ്ഥിതിയുടെ ഉദാഹരണങ്ങളാണ്.
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങളിൽ സ്ത്രീയെ കുറ്റവാളിയാകുന്ന പ്രവണതയെയും റുബയാത്ത് ഹുസ്സൈൻ വ്യക്തമായി വരച്ചുകാട്ടുന്നു. ഷിമുവിനെ അവതരിപ്പിച്ച റിക്കിത നന്ദിനി ഷിമുവിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. എന്നിരുന്നാലും തനിക്കെതിരെ വരുന്ന പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞ് സ്ത്രീ മുന്നോട്ട് വരിക തന്നെ ചെയ്യും എന്ന സന്ദേശമാണ് സംവിധായിക നൽകുന്നത്. അതുകൊണ്ടാണ് അനീതികൾക്കെതിരെ നിർഭയം പോരാടുന്ന ഷിമുവിന് കാണികളുടെ കൈയടികൾ ലഭിക്കുന്നത്. 'മേഡ് ഇൻ ബംഗ്ലാദേശ്' ഒരു ഫെമിനിസ്റ്റ് സിനിമയാണ്.