asha-devi

ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പൊലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഡൽഹി കൂട്ടബലാത്സംഗ കേസിലെ ഇര നിർഭയയുടെ അമ്മയായ ആഷാ ദേവി. 2012ൽ തനിക്ക് ഏറ്റ മുറിവിനുള്ള മരുന്നാണ് ഈ വാർത്തയെന്ന് ആഷാ ദേവി പ്രതികരിച്ചു. അവസാനം ഒരു മകൾക്ക് നീതി ലഭിച്ചു. പൊലീസിന് ഞാൻ നന്ദി പറയുന്നു. ഏഴ് വർഷമായി ഞാൻ ആക്രോശിക്കുകയാണ്, കുറ്റവാളികളെ ശിക്ഷിക്കൂയെന്ന് - ആഷ പറഞ്ഞു. ഞാൻ ഇപ്പോഴും കോടതിയിൽ ചുറ്റിത്തിരിയുകയാണ്. 13ന് വീണ്ടും പോകണം. ആ മകൾക്ക് നീതി ലഭിച്ചിരിക്കുന്നതിനാൽ അവളുടെ മാതാപിതാക്കൾക്ക് ഇപ്പോൾ ആശ്വാസം ലഭിച്ചിരിക്കണം. ഇത്തരം ഹീനമായ കുറ്റം ചെയ്യുന്ന എല്ലാവർക്കും ഒരു ഭയമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.