ഹൈദരാബാദ്: പോലീസ് ഭർത്താവിനെ പിടിച്ചുകൊണ്ടുപോയപ്പോൾ വിട്ടയക്കുമെന്ന് പറഞ്ഞിരുന്നെന്നാണ് പ്രതികളിലൊരാളായ ചിന്താകുന്ത ചിന്നകേശവലുവിന്റെ ഭാര്യ രേണുക പറഞ്ഞത്. 'ഞങ്ങൾ വിവാഹിതരായിട്ട് ഒരുവർഷം ആകുന്നതേയുള്ളു. എനിക്ക് ഭർത്താവില്ലാതെ ജീവിക്കാനാവില്ല, എന്നെയും കൂടി കൊല്ലൂ' എന്നാണ് ഗർഭിണിയായ രേണുക പറയുന്നത്. നേരത്തെ ഭർത്താവിനെതിരെയുള്ള കുറ്റം തെളിയുകയാണെങ്കിൽ വധശിക്ഷ നൽകണമെന്ന് ഇവർ പറഞ്ഞിരുന്നു.
മറ്റൊരു പ്രതിയായ ജൊല്ലു ശിവയുടെ പിതാവ് രാജപ്പ ഇതുവരെയെന്തുകൊണ്ടാണ് ഇത്തരമൊരു ശിക്ഷ സമാനമായ കേസുകളിൽ നൽകാതിരുന്നതെന്നായിരുന്നു ചോദിച്ചത്. പോലീസ് നടപടിയെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് മകനെ കാണാനും നേർക്കുനേർ നിന്ന് സംസാരിക്കാനും അനുവദിച്ചിരുന്നില്ലെന്നാണ് നവീനിന്റെ അച്ഛൻ എല്ലപ്പ പറഞ്ഞത്. അവർ കുറ്റക്കാരാണെന്ന് തെളിയിക്കാൻ സമയമുണ്ടായിരുന്നെന്നും അതിനു മുൻപ് എന്തിനാണ് ശിക്ഷ വിധിച്ചതെന്നും എല്ലപ്പ ചോദിച്ചു.